മെസ്സിയുടെ പേരിലെ തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വീടുകളിലും ഫ്ലാറ്റുകളിലും എസ്ഐടി പരിശോധന നടത്തി

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നേതൃത്വത്തിൽ വ്യാപക പരിശോധന. കൊച്ചിയിലും വയനാട്ടിലുമായി വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടക്കുകയാണ്.

ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനലിന്റെ കൊച്ചി ഓഫീസ്, GOTAD കമ്പനിയുടെ ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.

പുലർച്ചെ നാല് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. അഞ്ച് വാഹനങ്ങളിലായാണ് പൊലീസ് സംഘം വിവിധ കേന്ദ്രങ്ങളിലെത്തിയത്. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടിയാണ് പരിശോധന നടത്തുന്നത്.

മെസ്സിയുടെ പേരിൽ നടന്നതായി ആരോപിക്കുന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് എസ്ഐടി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കളമശ്ശേരി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്റോ അഗസ്റ്റിൻ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തുന്നതെന്നാണ് വിവരം.

പരിശോധന പൂർത്തിയായതിന് ശേഷമേ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിടുകയുള്ളൂ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button