ബാങ്ക് ജീവനക്കാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് നാല് ലക്ഷം കവർന്നു

നാഗ്പൂർ: ബാങ്ക് ജീവനക്കാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം നാല് ലക്ഷം രൂപ കവർന്ന യുവാവിനെ അരമണിക്കൂറിനകം പിടികൂടി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ശാഖയിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം.

സാധാരണ ഇടപാടുകാരനെന്ന വ്യാജേനയാണ് യുവാവ് ബാങ്കിലെത്തിയത്. ക്യാഷ് കൗണ്ടറിന് സമീപമെത്തിയ പ്രതി, ശരീരത്തിൽ ഒളിപ്പിച്ചിരുന്ന മുളകുപൊടി പുറത്തെടുത്ത് ജീവനക്കാരുടെ കണ്ണിലേക്ക് വിതറുകയായിരുന്നു. മുളകുപൊടി കണ്ണിൽ വീണതോടെ ജീവനക്കാർക്ക് കാഴ്ച മങ്ങുകയും ബാങ്കിനുള്ളിൽ പരിഭ്രാന്തി പടരുകയും ചെയ്തു. ഇതിനിടെ പ്രതി ക്യാഷ് കൗണ്ടറിൽ നിന്ന് നാല് ലക്ഷം രൂപ കൈക്കലാക്കി പുറത്തേക്ക് ഓടി..കാവി കുർത്തയും കറുത്ത പൈജാമയും ധരിച്ചിരുന്ന പ്രതി മുഖം പൂർണമായും മറച്ചിരുന്നതായി ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ജീവനക്കാരും സുരക്ഷാ ജീവനക്കാരനും പ്രതിയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും തിരക്കേറിയ റോഡിലൂടെ ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.ബാങ്കിനുള്ളിലും പരിസരത്തും സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ വേഷവും രക്ഷപ്പെട്ട ദിശയും മനസിലാക്കിയ പൊലീസ് പ്രദേശത്ത് പരിശോധന ശക്തമാക്കി.

വിവിധ ഭാഗങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും പട്രോളിംഗ് സംഘങ്ങൾക്ക് വിവരം കൈമാറുകയും ചെയ്തു.തുടർന്ന് 30 മിനിട്ടിനുള്ളിൽ പ്രതിയെ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളിൽ നിന്ന് ബാങ്കിൽ നിന്ന് കവർന്ന മുഴുവൻ രൂപയും പൊലീസ് കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button