‘വന്ദേമാതരം’ ആലാപനം ചൊല്ലി തർക്കം; പാലക്കാട് നഗരസഭയിൽ യുഡിഎഫ് ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടി

പാലക്കാട്: വന്ദേമാതരം ആലപിക്കുന്നതിനെച്ചൊല്ലി പാലക്കാട് നഗരസഭയിൽ ബിജെപി – യുഡിഎഫ് കൗൺസിലർമാർ തമ്മിൽ തർക്കം. കൗൺസിൽ യോഗത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വന്ദേമാതരം പൂർണമായി സ്പീക്കറിലൂടെ കേൾപ്പിച്ചു. ഈ സമയം കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങി. ശേഷം വന്ദേമാതരം ആലപിച്ചതിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു.
എന്നാൽ, നഗരസഭ ചെയർമാൻ പി സ്മിതേഷ് അതിന് അനുവദിച്ചില്ല. തുടർന്നാണ് ബഹളം തുടങ്ങിയത്. യുഡിഎഫ് കൗൺസിലർമാർക്കൊപ്പം സിപിഎം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്രതിഷേധം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങി. യുഡിഎഫ്, സിപിഎം, ബിജെപി കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. നേരത്തെയും പാലക്കാട് നഗരസഭയിൽ വന്ദേമാതരം പൂർണമായും ആലപിക്കുന്നതിനെച്ചൊല്ലി യുഡിഎഫ് – ബിജെപി കൗൺസിലർമാർ തമ്മില്‍ തര്‍ക്കം ഉയര്‍ന്നിരുന്നു.



