സസ്‌പെൻഷനിലിരിക്കെ ഡ്യൂട്ടിയിൽ; പിണറായി വസതിക്ക് മുന്നിൽ മുൻ ഗൺമാൻ

തിരുവനന്തപുരം: ഇഡി റെയ്ഡ് നടക്കുമ്പോ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ സസ്‌പെൻഷനിലായ ഗൺമാനും. കഴിഞ്ഞ ദിവസം സസ്‌പെൻഷനിലായ ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപുമാണ് തിരുവനന്തപുരത്തെ വസതിക്ക് മുന്നിലെത്തിയത്. ഇരുവരും റെയ്ഡ് നടക്കുന്ന വീടിന് പുറത്ത് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആലപ്പുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അനിൽ കുമാറും സന്ദീപും അടക്കം അഞ്ചുപേർക്ക് കഴിഞ്ഞദിവസം സസ്‌പെൻഷൻ ലഭിച്ചിരുന്നു.
ഇഡി റെയ്ഡ് നടന്ന സമയം പിണറായി വിജയനും കുടുംബത്തിനും മാത്രമാണ് വീടിനുള്ളിൽ നിൽക്കാനുള്ള അനുമതി ഉദ്യോഗസ്ഥർ നൽകിയത്. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ വീടിന് പുറത്താക്കിയിരുന്നു. ഇക്കൂട്ടത്തിലാണ് നടപടി നേരിട്ട ഗൺമാനും ഉണ്ടായിരുന്നത്.2023 ഡിസബർ 15ന് ആലപ്പുഴയിൽ നടന്ന നവകേരളയാത്രയ്ക്കിടെയാണ് പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരടക്കം ക്രൂരമായി മർദിച്ചത്. സംഭവത്തെ രക്ഷാപ്രവർത്തനം എന്നുപറഞ്ഞാണ് അന്ന് പിണറായി വിജയൻ ന്യായീകരിച്ചത്. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് അനിൽകുമാർ, സന്ദീപ് എന്നിവർക്കെതിരെയും വിപിൻ, ഷൈജു, അരുൺ എന്നീ പൊലീസുകാർക്കെതിരെയും നടപടിയുണ്ടായത്.



