വാഹന മോഡിഫിക്കേഷൻ എപ്പോൾ? 17,000 നിർദേശങ്ങളുമായി എംവിഡി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് സെപ്റ്റംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ തേടി നടത്തിയ സർവേയിൽ 17,000 പേരുടെ അഭിപ്രായങ്ങളാണ് ലഭിച്ചത്.
ഗൂഗിൾ ഫോം വഴിയാണ് മോട്ടോർ വാഹന വകുപ്പ് നിർദേശങ്ങൾ സ്വീകരിച്ചത്. ലഭിച്ച നിർദേശങ്ങളുടെ പരിശോധന രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കും. എന്നാൽ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ സാധ്യത കുറവാണെന്നാണ് സൂചന.
ജൂണിൽ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പട്ടികയിൽ അനുമതിയില്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷനുകളും അനുമതിയോടെ ചെയ്യാവുന്ന ആറ് മോഡിഫിക്കേഷനുകളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പട്ടികയിലെ ഭൂരിഭാഗം മോഡിഫിക്കേഷനുകളും നേരത്തെ നിലവിലുണ്ടായിരുന്നതാണെന്ന വിമർശനം ഉയർന്നതോടെയാണ് പൊതുജനാഭിപ്രായം തേടി സർവേ നടത്തിയത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് ഏഴ് വരെയായിരുന്നു സർവേ.
അതേസമയം, വാഹനങ്ങളുടെ രൂപമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചുള്ള മോഡിഫിക്കേഷനുകൾ സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ക്ഷോപ്പുകളിലോ സർവീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റത്തിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും മാറ്റങ്ങൾ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നുമാണ് വ്യവസ്ഥ.
അപകടകരമല്ലാത്ത വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്ന വി.ഡി. സതീശന്റെ പ്രഖ്യാപനം നേരത്തെ വാഹനപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സതീശന് ‘പൂക്കി മുഖ്യമന്ത്രി’ എന്ന വിളിപ്പേരും പ്രചരിച്ചിരുന്നു.



