കിഫ്ബി പണം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ധനവകുപ്പ് പരിശോധന; 240 കോടി ചെലവിട്ടെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന് ധനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കിഫ്ബി വഴി ആകെ 240 കോടി രൂപ ചെലവഴിച്ചതിൽ 140 കോടിയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.
കിഫ്ബിയുടെ പണം ഇത്തരം ആവശ്യങ്ങൾക്ക് നിയമപ്രകാരം ചെലവഴിക്കാൻ കഴിയുമോയെന്നത് വിശദമായി പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സർക്കാരിന്റെ നേട്ടങ്ങൾ വാട്സാപ്പ് സന്ദേശങ്ങളായി എത്തിക്കുന്നതിന് 50.87 ലക്ഷം രൂപ കിഫ്ബി നൽകിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ രണ്ടുമാസം പ്രചാരണം നടത്തുന്നതിന് 10.31 കോടി രൂപയും, സർക്കാർ അനുകൂല മാധ്യമവാർത്തകൾ ഓൺലൈൻ വായനക്കാരിൽ മുൻഗണനയായി എത്തിക്കുന്നതിന് 4.41 കോടി രൂപയും ചെലവഴിച്ചതായാണ് വിവരം. ദേശീയപാതയോരങ്ങളിൽ വലിയ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനായി 4.27 കോടി രൂപയും നൽകിയിട്ടുണ്ട്.
വലിയ പലിശ നൽകി വായ്പയെടുത്ത തുകയാണ് കിഫ്ബിയിലുള്ളതെന്നിരിക്കെ, പ്രത്യേക രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് കിഫ്ബി പ്രചാരണം നടത്തിയെന്ന നിലപാടിലാണ് ധനവകുപ്പ്. പ്രചാരണത്തിനായി സർക്കാർ പ്രത്യേക ഉത്തരവുകൾ ഇറക്കിയിട്ടുണ്ടോയെന്നതും പരിശോധനയുടെ ഭാഗമായി പരിശോധിച്ചു.
പ്രചാരണം നടത്തുന്നതിന് സർക്കാർ പ്രത്യേകം ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. കിഫ്ബി പദ്ധതികളുടെ പ്രചാരണമെന്ന പേരിൽ സർക്കാർ രാഷ്ട്രീയപ്രചാരണം നടത്തിയെന്നാണ് ധനവകുപ്പ് മുഖ്യമന്ത്രിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, കൺസൾട്ടൻസി സർവീസ് എന്ന പേരിൽ തിരഞ്ഞെടുപ്പ് സർവേകളും ഫീൽഡ് വിവരശേഖരണവും കിഫ്ബി നടത്തിയിട്ടുണ്ടെന്നും ധനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഏതൊക്കെ ഏജൻസികൾ വഴിയാണ് നടത്തിയതെന്നും ചെലവഴിച്ച തുക ഏത് ഹെഡിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സംബന്ധിച്ച പരിശോധന പൂർത്തിയായിട്ടില്ല.



