അഞ്ചാം മന്ത്രിസ്ഥാനം അനിശ്ചിതം; ലീഗിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാന ആവശ്യം കോൺഗ്രസ് അംഗീകരിക്കാനിടയില്ലെന്ന് സൂചന. ഇന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കും.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുന്നോട്ട് വെച്ച അഞ്ച് മന്ത്രിസ്ഥാന ആവശ്യം നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. പകരമായി നാല് മന്ത്രിസ്ഥാനം നൽകുകയും, അഞ്ചാം സ്ഥാനത്തിന് പകരം ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകുകയും ചെയ്യാമെന്ന നിർദേശമാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
ലീഗ് കൈവശം വച്ചിരുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കുന്നതും കോൺഗ്രസിന്റെ പരിഗണനയിലാണ്. പാർട്ടിക്കുള്ളിൽ തന്നെ ഈ ആവശ്യം ശക്തമായ സാഹചര്യത്തിൽ, വിദ്യാഭ്യാസത്തിന് പകരം മറ്റൊരു വകുപ്പ് ലീഗിന് നൽകാനാണ് ആലോചന.
മന്ത്രിസ്ഥാനത്തിനായി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരുടെ പേരുകളാണ് ആദ്യം ഉയർന്നത്. അഞ്ചാമത്തെ സ്ഥാനത്തേക്ക് പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്റഫ് അടക്കമുള്ള പേരുകളും പരിഗണനയിൽ വന്നിരുന്നു.
തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കുന്നതിനാൽ, മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന. ഇതിനിടെ മറ്റ് ഘടകകക്ഷികളും തങ്ങൾക്ക് പ്രധാന വകുപ്പുകൾ വേണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
വകുപ്പ് വിഭജനത്തെച്ചൊല്ലി മുന്നണിയിൽ വലിയ തർക്കം ഉണ്ടാകാതിരിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നേരിട്ടാണ് ഇന്നത്തെ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. മന്ത്രിസ്ഥാനവും വകുപ്പുവിഭജനവും സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.



