യുഡിഎഫ് അധികാരത്തിലേക്ക്; കോൺഗ്രസ് മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് നേതാക്കൾ സജീവം

തിരുവനന്തപുരം: പത്തുവർഷത്തിന് ശേഷം അധികാരത്തിലേക്കെത്തുന്ന യുഡിഎഫ് സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാകുന്നു. ഘടകകക്ഷികളുമായി മന്ത്രിമാരുടെ എണ്ണം, വകുപ്പുകൾ എന്നിവ സംബന്ധിച്ച നിർണായക ചർച്ചകൾ ഇന്ന് പുരോഗമിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി. ഡി. സതീശൻ എത്തിയ സാഹചര്യത്തിൽ, കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനം, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങൾ ലഭിക്കാനാണ് സാധ്യത. മന്ത്രിസഭയിലെ അംഗങ്ങളുടെ അന്തിമ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറും.
ഇതിനിടെ, ആഭ്യന്തരം, വിജിലൻസ്, വൈദ്യുതി, ഗതാഗതം, റവന്യൂ, ആരോഗ്യം, ടൂറിസം, ഗ്രാമവികസനം, സഹകരണം, എക്സൈസ്, വനം-പരിസ്ഥിതി തുടങ്ങിയ പ്രധാന വകുപ്പുകൾ സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാണ്. മുൻപ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കോൺഗ്രസ് കൈകാര്യം ചെയ്ത ചില വകുപ്പുകൾ ഇത്തവണ ഘടകകക്ഷികൾക്ക് കൈമാറാനിടയുണ്ട്.
ധനവകുപ്പ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കുമെന്ന സൂചന ശക്തമാണ്. ആഭ്യന്തര വകുപ്പിനായി ഉറച്ചുനിൽക്കുന്ന രമേശ് ചെന്നിത്തല അനുനയിപ്പിക്കപ്പെടുകയാണെങ്കിൽ സുപ്രധാന വകുപ്പ് നൽകേണ്ട സാഹചര്യം രൂപപ്പെടും. മുതിർന്ന നേതാക്കളായ കെ. മുരളീധരൻ, സണ്ണി ജോസഫ് എന്നിവരും മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് സൂചന.
തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിൽ ഉറപ്പുള്ള പേരാണ്. സ്പീക്കർ സ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. വനിതാ പ്രതിനിധിത്വത്തിൽ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരും പരിഗണനയിലാണ്.
ഇതുകൂടാതെ പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, വി.ടി. ബൽറാം, ചാണ്ടി ഉമ്മൻ, ടി. സിദ്ധിഖ് തുടങ്ങി നിരവധി പേരുകൾ പട്ടികയിൽ സജീവ ചർച്ചയിലാണ്.
അതേസമയം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനം നിലനിർത്താനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസം, വ്യവസായം, ഐടി, നഗരവികസനം, പൊതുമരാമത്ത്, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വകുപ്പുകളാണ് ലീഗ് ആവശ്യപ്പെടുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്ക് കെ.എം. ഷാജി അടക്കമുള്ള പേരുകൾ പരിഗണനയിലാണ്.
യുഡിഎഫ് സർക്കാരിന്റെ അന്തിമ മന്ത്രിസഭ പട്ടിക പുറത്തുവരാനിരിക്കെ, വകുപ്പുവിഭജന ചർച്ചകൾ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്.



