യുഡിഎഫ് മന്ത്രിസഭ ഇന്ന് വ്യക്തം; കോൺഗ്രസ് പട്ടിക അന്തിമഘട്ടത്തിൽ

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ചർച്ചകൾ നിർണായക ഘട്ടത്തിലെത്തി. കോൺഗ്രസിന്റെ മന്ത്രിപ്പട്ടിക ഇന്ന് തന്നെ അന്തിമരൂപം നേടാനാണ് സാധ്യത. ഹൈക്കമാൻഡ് അംഗീകാരത്തിന് ശേഷം പട്ടിക ഗവർണർക്ക് കൈമാറും.

സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ് എന്നിവർ കണ്ടോൺമെന്റ് ഹൗസിലെത്തി. കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ തയ്യാറാകുമെന്നാണ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ, ദീപാ ദാസ് മുൻഷി, കെ.സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തിയ ശേഷം പട്ടിക ഹൈക്കമാൻഡിന് കൈമാറും.

ഒരു എംഎൽഎ മാത്രമുള്ള ഘടകകക്ഷികൾക്ക് ടേം വ്യവസ്ഥ നടപ്പാക്കുന്നതും ആലോചനയിലാണ്. കണ്ടോൺമെന്റ് ഹൗസിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കാനിരിക്കെ, ആദ്യം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കളുമായുള്ള ചർച്ച പൂർത്തിയാക്കും.

മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനം, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങൾ കോൺഗ്രസിന് ലഭിക്കുമെന്നാണ് സൂചന. ആരൊക്കെ പട്ടികയിൽ ഇടംനേടുമെന്നതിലാണ് ശ്രദ്ധ. അതേസമയം രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കങ്ങൾ തുടരുകയാണ്.

മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് നാല് മന്ത്രിസ്ഥാനം നൽകാനാണ് തയ്യാറായിരിക്കുന്നത്. അഞ്ചാമത്തെ സ്ഥാനത്തിന് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകാമെന്ന നിർദേശം കോൺഗ്രസ് മുന്നോട്ടുവെച്ചതായാണ് വിവരം. വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് തിരിച്ചെടുക്കുന്നതും കോൺഗ്രസിൽ സജീവ ചർച്ചയിലാണ്. പകരം മറ്റൊരു വകുപ്പ് നൽകാനാണ് ആലോചന.

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ, ചർച്ചകൾ നീണ്ടുപോകാതെ ഇന്നുതന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. യുഡിഎഫ് സർക്കാരിന്റെ ഘടനയും വകുപ്പുവിഭജനവും സംസ്ഥാന രാഷ്ട്രീയത്തിൽ ആകാംക്ഷയുണർത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button