ഒമ്പതുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും

തൃശൂര്‍: ഒമ്പതു വയസുകാരിയായ മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ പിതാവിന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി. പിഴയൊടുക്കാതിരുന്നാല്‍ ആറുമാസത്തെ കഠിന തടവിനും കൂടാതെ ബാലാവകാശ നിയമപ്രകാരം ഒരു വര്‍ഷത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്. ജഡ്ജ് വിവിജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്. 2013 ഏപ്രില്‍ മുതല്‍ 2016 ഫെബ്രുവരി 21 വരെയുള്ള കാലയളവിനുള്ളില്‍ വാടകവീട്ടില്‍വച്ച് മകള്‍ക്കെതിരേ ലൈംഗിക അതിക്രമം നടത്തി പീഡിപ്പിച്ചു എന്നാണ് കേസ്. മതിലകം പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ 48 കാരനെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 14 സാക്ഷികളെയും 15 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും ഹാജരാക്കി. 

ഇരിങ്ങാലക്കുട വനിത പൊലീസ് സ്റ്റേഷന്‍ അസി. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സാബ് എന്‍.ബി. രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന കെ. സുമേഷ്, എന്‍.എസ്. സലീഷ് എന്നിവര്‍ തുടരന്വേഷണം നടത്തി കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ സിബി ടോമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന്‌വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ ടി.ആര്‍. രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി. പിഴസംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും കൂടാതെ അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കാനും ഉത്തരവില്‍ പറയുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *