‘സെക്യൂരിറ്റി പോലും സേഫല്ല’; രാത്രിജോലി ചെയ്യുന്നവർ വലയ്‌ക്കുള്ളിൽ, ചർച്ചയായി വീഡിയോ ദൃശ്യങ്ങൾ

ഹൈദരാബാദ്: നഗരങ്ങളിൽ സ്ഥാപനങ്ങളുടെയും സൊസൈറ്റികളുടെയും സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് സെക്യൂരിറ്റി ഗാർഡുകൾ. രാത്രിഷിഫ്‌റ്റുകളിൽ ജോലിചെയ്യേണ്ടിവരുന്ന സെക്യൂരിറ്റി ഗാർഡുകൾ പലപ്പോഴും വളരെ മോശം സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു. മറ്റുള്ളവരുടെ സുരക്ഷയ്ക്കായി ജോലി ചെയ്യുന്ന അവരുടെ സുരക്ഷയ്‌ക്ക് പലപ്പോഴും പ്രാധാന്യം ലഭിക്കാറില്ല. ഇപ്പോഴിതാ മോശമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ഒരു സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സൂരജ് കുമാർ ബൗദ്ധ് എന്ന ഉപയോക്താവാണ് വീഡിയോ എക്‌സിൽ പങ്കുവച്ചത്. രാത്രി ഡ്യൂട്ടി ചെയ്യുന്ന ഒരു സെക്യൂരിറ്റി ഗാർഡ് കസേരയിലിരിക്കുന്നതും അദ്ദേഹത്തിന്റെ ദേഹം കൊതുക് വല കൊണ്ട് മൂടിയിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അദ്ദേഹം ഉണർന്നിരിക്കുകയാണ്. പരിസരത്ത് കൊതുക് ശല്യം രൂക്ഷമായതിനാലാണ് അദ്ദേഹം കൊതുക് വലയിൽ അഭയം തേടിയത്. സൊസൈറ്റിയിലെ താമസക്കാർ എയർ കണ്ടീഷൻ ചെയ്‌ത മുറികളിൽ താമസിക്കുമ്പോൾ ഗാർഡുകൾക്ക് സുഖപ്രദവും സുരക്ഷിതവുമായ ഒരു സാഹചര്യം എന്തുകൊണ്ട് നൽകാൻ കഴിയുന്നില്ലെന്ന് വീഡിയോ പങ്കിട്ടയാൾ ചോദിക്കുന്നു.
നിരവധിപേരാണ് വീഡിയോയ്‌ക്ക് താഴെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. ജനങ്ങളിൽ സഹാനുഭൂതി നശിച്ചുകൊണ്ടിരിക്കുകയാണെന്നും ദരിദ്രരുടെ ദുരവസ്ഥ മനസിലാക്കാൻ ആളുകൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. വീഡിയോ നിമിഷനേരംകൊണ്ട് സോഷ്യൽമീഡിയയിൽ വൈറലായി. സെക്യൂരിറ്റി ഗാർഡ് ചെയ്യുന്നത് കടമയല്ലെന്നും അദ്ദേഹം ആധുനിക അടിമത്തത്തിന്റെ ഇരയാണെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ഗാർഡുകൾക്ക് സുരക്ഷിതമായ സാഹചര്യമൊരുക്കി നൽകാത്ത സൊസൈറ്റി മാനേജ്മെന്റിനെതിരെയും പലരും വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.



