തിരഞ്ഞെടുപ്പ് കഴിഞ്ഞു, ‘ഇരുട്ടടി’ തുടങ്ങി; എൽപിജി വാണിജ്യ സിലിണ്ടർ 993 രൂപ ഉയർന്ന് 3000 കടന്നു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ശക്തമാകുന്നതിനിടെ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തി പൊതുമേഖല എണ്ണവിതരണ കമ്പനികൾ. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർദ്ധിപ്പിച്ചതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വില 3000 രൂപ കടന്നു. ഇത്ര വലിയ തോതിലുള്ള വർദ്ധനവ് അപൂർവമാണെന്ന് വിലയിരുത്തപ്പെടുന്നു.

പുതിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 3,071.50 രൂപയായി. കേരളത്തിൽ തിരുവനന്തപുരത്ത് 3106 രൂപയും കൊച്ചിയിൽ 3085 രൂപയുമാണ് പുതിയ വില. അതേസമയം, 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല; ഡൽഹിയിൽ ഇത് 913 രൂപയായി തുടരുന്നു.

കേരളം, ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെയാണ് ഈ വിലവർദ്ധന വന്നത്. ഇതോടെ ഹോട്ടൽ മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാകുക. ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, ഇത് പൊതുജനങ്ങൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നും വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ മൂലം ആഗോള എണ്ണ-വാതക ഗതാഗതത്തിന് നിർണായകമായ Strait of Hormuz മേഖലയിലെ അനിശ്ചിതത്വം വർദ്ധിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കൂടാതെ, ചില ഭാഗങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും മൂലം എൽപിജി ലഭ്യതയും പ്രതിസന്ധിയിലായി.

ഏപ്രിലിലാണ് അവസാനമായി എൽപിജി വില പരിഷ്‌കരിച്ചത്. മാർച്ചിൽ 114.5 രൂപയും ഏപ്രിലിൽ 196 രൂപയും വാണിജ്യ സിലിണ്ടറിന് വർദ്ധിപ്പിച്ചിരുന്നു. മേയ് മുതൽ കൂടുതൽ വർദ്ധന പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ കുത്തനെ ഉയർച്ച.

Related Articles

Leave a Reply

Your email address will not be published. Required fields are marked *