ഇ20 വിവാദം: ‘അവരൊന്നും സയൻസ് അറിയാത്ത പൊട്ടന്മാർ’; വിമർശനവുമായി സുരേഷ് ഗോപി!

തൃശൂർ: ഇ20 പെട്രോളിൽ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശാസ്ത്രം അറിയാത്തവരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. തൃശൂരിൽ ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇ20യെക്കുറിച്ച് കൃത്യമായ കാര്യമാണ് പറഞ്ഞത്. 20 ക്രോസ് ചെയ്യുന്ന അവസ്ഥ ഇന്ത്യയിലില്ല. ദുഷിച്ച രാഷ്ട്രീയ ശക്തികളാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഈ പൊട്ടന്മാർക്ക് ഇതിന്റെ സയൻസ് അറിയില്ല. ഇനി ഈ മഹാന്മാരൊക്കെ വലിയ കന്നാസിൽ കൊണ്ടുപോയി മിക്‌‌സ് ചെയ്തിട്ടാണോ സാമ്പിളെടുത്തതെന്ന് അറിയില്ല. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന് ഇതുവരെ രജിസ്റ്റേർഡ് പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ സിബിഐ അന്വേഷിക്കും.

അപ്പോൾ സിബിഐക്കെതിരെയാവും ഇവർ അടുത്ത ഒച്ചപ്പാടുണ്ടാക്കുക’- എന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമർശം.കേന്ദ്ര മാനദണ്ഡപ്രകാരം പെട്രോളിൽ പരമാവധി 20 ശതമാനം (ഇ20) എഥനോൾ മാത്രമേ ചേർക്കാൻ പാടുള്ളൂ. അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർന്ന പെട്രോൾ വാഹനങ്ങൾക്ക് ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മൈലേജ് കുറയുന്നതിന് പുറമേ ഇന്ധന ടാങ്കിലും പൈപ്പുകളിലും തുരുമ്പ് പിടിക്കാനും റബ്ബർ ഭാഗങ്ങൾ, സീലുകൾ, ഇൻജക്ടറുകൾ

എന്നിവ വേഗം നശിക്കാനും ഇത് ഇടയാക്കുമെന്നും പറയപ്പെടുന്നു. അതേസമയം, രാജ്യത്ത് വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്നും അമിതമായി എഥനോൾ ചേർക്കുന്നില്ലെന്നുമാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ വിശദീകരണം.എന്നാൽ കർണാടകയിലെ പരിശോധനയിൽ ചില പമ്പുകളിൽ ഇത് 31.2 ശതമാനം വരെ എത്തിയതായി കണ്ടെത്തിയെന്നത് വലിയ വിവാദമാവുകയായിരുന്നു. ഇതുസംബന്ധിച്ച് കേരളത്തിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ നിർദേശപ്രകാരം കണ്ണൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തിരഞ്ഞെടുത്ത പമ്പുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് സാമ്പിളുകൾ ശേഖരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button