നികുതി വരുമാനത്തിലെ അപ്രതീക്ഷിത കുതിപ്പ്; സതീശൻ പോലും പ്രതീക്ഷിക്കാത്ത നേട്ടത്തിന് പിന്നിലെ രണ്ട് കാരണങ്ങൾ വെളിപ്പെടുത്തി തോമസ് ഐസക്!

കേരളത്തിന്റെ നികുതി വരുമാനത്തിൽ ഒക്ടോബർ മാസത്തിലുണ്ടായ വൻ വർധനവിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങളാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ലോട്ടറിയുടെ മേലുള്ള ജി.എസ്.ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തിയതും പ്രമുഖ കമ്പനിയുടെ കേരളത്തിലെ ബ്രാഞ്ച് 600 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തിരിച്ചടച്ചതുമാണ് വരുമാനക്കുതിപ്പിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതി വർധിപ്പിക്കാതെ വിപണിയെ ഉത്തേജിപ്പിച്ച് വരുമാനം വർധിപ്പിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദത്തെയും ഐസക് വിമർശിച്ചു.
2026-27 സാമ്പത്തിക വർഷത്തിൽ സെപ്റ്റംബർ വരെയുള്ള കേരളത്തിന്റെ ജി.എസ്.ടി വരുമാനം 18.8 ശതമാനം ഉയർന്നതായും ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 20 ശതമാനം വർധനവുണ്ടായതായും ഐസക് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ദേശീയ ശരാശരിയേക്കാൾ ഉയർന്ന വളർച്ചയാണ് കേരളം രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ നേട്ടത്തിന് പിന്നിൽ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ മാത്രമല്ലെന്നും ജി.എസ്.ടി നിരക്കിലെ മാറ്റങ്ങളും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തിരിച്ചടവും നിർണായകമായെന്നും ഐസക് വിശദീകരിച്ചു.
ഒക്ടോബറിൽ മാത്രം മുൻവർഷത്തെ അപേക്ഷിച്ച് 3,689 കോടി രൂപയുടെ അധിക നികുതി വരുമാനമുണ്ടായെന്ന കണക്കും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സർക്കാരിന്റെ ചെലവ്, വായ്പയെടുക്കൽ, കിഫ്ബി വഴിയുള്ള ചെലവുകൾ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിക്കുന്ന അവകാശവാദങ്ങളെയും ഐസക് വിമർശിച്ചു. നികുതി കുടിശ്ശിക പിരിച്ചെടുക്കുമെന്നും സ്വർണ നികുതി വരുമാനം വർധിപ്പിക്കുമെന്നും നേരത്തെ നൽകിയ വാഗ്ദാനങ്ങൾ നടപ്പായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.



