1992 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ രവിശാസ്ത്രി ചതിച്ചുവോ

0

1992 ലോകകപ്പിനെ കുറിച്ച് നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പഴയ പടക്കുതിരകള്‍ക്കൊപ്പം പുതിയ യുവ നിരയുമായി പുതിയ ക്യാപ്റ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലാണ് ഇന്ത്യ മത്സരങ്ങള്‍ കളിക്കാനിറങ്ങിയത്. അസ്ഹറിന്റെ ക്യാപ്റ്റന്‍സി പലരുടേയും മുഖം ചുളിച്ചെങ്കിലും ബിസിസിഐയുടെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് അംഗീകരിക്കാത്ത ചിലരും ടിമില്‍ ഉണ്ടായിരുന്നു. അതിലൊരാളായിരുന്നു രവിശാസ്ത്രിയെന്നാണ് ക്രിക്കറ്റ് പാപ്പരാസികളുടെ അഭിപ്രായം. അത് ശരിവെയ്ക്കുന്ന തരത്തിലായിരുന്നു രവിശാസ്ത്രിയുടെ ദയനീയ പ്രകടനവും. ജയിക്കേണ്ട പല കളികളും രവിശാസ്ത്രിയുടെ മെല്ലെപോക്ക് കാരണം തോല്‍വി പിണഞ്ഞു. എന്താണ് 1992 ലോകകപ്പില്‍ സംഭവിച്ചതെന്ന് നോക്കാം.

1983 മുതല്‍ ഉള്ള ലോകകപ്പുകളില്‍ ഇന്ത്യയുടെ മോശം പ്രകടനം ഏതായിരുന്നു എന്ന് ചോദിച്ചാല്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുക 2007 ലോകകപ്പ് എന്നായിരിക്കും. അടുത്ത സ്ഥാനം കൊടുക്കുക 1992 ലോകകപ്പിനും. സത്യത്തില്‍ 1992 ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം അത്രക്ക് മോശമായിരുന്നോ.
ആ ലോകകപ്പില്‍ അവസാന നിമിഷമാണ് സൗത്ത് ആഫ്രിക്കക്ക് എന്‍ട്രി ലഭിക്കുന്നത്. അതോടു കൂടി അതുവരെയുള്ള ലോകകപ്പുകളില്‍ ഫോളോ ചെയ്തിരുന്ന ഗ്രൂപ്പ് സിസ്റ്റത്തിന് പകരം എല്ലാ ടീമുകളും പരസ്പരം കളിക്കുക എന്ന ഫിക്‌സ്ചറിലേക്ക് മാറി.
ഓരോ ടീമിനും 8 മത്സരങ്ങള്‍. ആദ്യം എത്തുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍. സെമിയില്‍ എത്തിയ നാലു ടീമുകള്‍ ഇവരാണ് : ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, പാക്കിസ്ഥാന്‍. ന്യൂസിലാന്‍ഡ് 7 കളികള്‍ ജയിച്ച് ഒന്നാം സ്ഥാനത്തോടെ സെമിയിലെത്തി. 6 ജയവും ഒരു സമനിലയുമായി ഇംഗ്ലണ്ട് രണ്ടാമതും, അഞ്ചു ജയങ്ങളോടെ സൗത്ത് ആഫ്രിക്ക മൂന്നാമതും, നാലു ജയവും ഇംഗ്ലണ്ടുമായി പങ്കു വെച്ച ഒരു പോയിന്റുമായി പാകിസ്താന്‍ നാലാമതും സെമിയില്‍ പ്രവേശിച്ചു.
ഇനി ഇന്ത്യയുടെ സാദ്ധ്യതകള്‍ പരിശോധിക്കാം . ഇന്ത്യ ആകെ ജയിച്ചത് രണ്ടു മത്സരങ്ങളാണ്, പാകിസ്താനെതിരെയും സിംബാബ്വെക്കെതിരെയും. ശ്രീലങ്കക്കെതിരെ മഴ കാരണം നടക്കാതെ പോയ മത്സരത്തില്‍ പോയിന്റ് പങ്കു വെച്ചു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ് ഇവര്‍ക്കെതിരെ പരാജയപ്പെട്ടു.
ഇന്ത്യയുടെ ആദ്യ മത്സരം ഇംഗ്ലണ്ടിനെതിരെ പെര്‍ത്തില്‍ ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് റോബിന്‍ സ്മിത്തിന്റെ 91 റണ്‍സിന്റെ സഹായത്തോടെ നേടിയത് 236 റണ്‍സ്. 50 പന്തില്‍ 39 റണ്‍സുമായി ശ്രീകാന്ത് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. 44 പന്തില്‍ 35 റണ്‍സുമായി സച്ചിനും മോശമില്ലാത്ത പ്രകടനം നടത്തി. വാലറ്റത്ത് 16 പന്തില്‍ 25 റണ്‍സുമായി സുബ്രതോ ബാനര്‍ജി നന്നായി ശ്രമിച്ചെങ്കിലും 227 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആയി. 9 റണ്‍സിന്റെ പരാജയം. ആ കളിയില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്, തീര്‍ച്ചയായും 112 പന്തില്‍ 57 റണ്‍സ് മാത്രം അടിച്ച രവി ശാസ്ത്രിയുടെ സ്ലോ ബാറ്റിംഗ് ആയിരുന്നു എന്നത് നിഷേധിക്കാന്‍ ആകാത്ത സംഗതിയാണ്.
അടുത്ത മത്സരം ശ്രീലങ്കക്കെതിരെ. അത് മഴയില്‍ ഒലിച്ചു പോയി. ഇന്ത്യയുടെ അല്ലെങ്കില്‍ അസറുദ്ദിന്‍ എന്ന ക്യാപ്റ്റന്റെ നിര്‍ഭാഗ്യം എത്രത്തോളമുണ്ടെന്ന് തെളിയിച്ച ഒരു മത്സരമാണ് ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബനില്‍ നടന്ന മൂന്നാമത്തെ മത്സരം.ലോകകപ്പുകളിലെ തന്നെ ഒരു ക്ലാസിക് പോരാട്ടമായിരുന്നു അത്. ഡീന്‍ ജോണ്‍സ് നേടിയ 90 റണ്‍സിന്റെ സഹായത്തോടെ ഓസ്‌ട്രേലിയ അടിച്ചെടുത്തത് 50 ഓവറില്‍ 237 റണ്‍സ്. ഇടവേളയില്‍ പെയ്ത മഴ ഇന്ത്യയുടെ ടാര്‍ഗറ്റ് 47 ഓവറില്‍ 235 എന്നാക്കി മാറ്റി. 3 ഓവര്‍ കുറച്ചപ്പോള്‍, കുറച്ചത് വെറും 3 റണ്‍സ്. ഇഴഞ്ഞു നീങ്ങിയ ബാറ്റിംഗ് അവസാന 10 ഓവറില്‍ 90 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചു. അവിടെ നിന്ന് അസറുദ്ദിനും മഞ്ജരേക്കറും നടത്തിയ പോരാട്ടം ആ കളി കണ്ടവര്‍ ആരും മറക്കാന്‍ ഇടയില്ല. അസര്‍ 102 പന്തില്‍ 93 ഉം, മഞ്ജരേക്കര്‍ 42 പന്തില്‍ 47 റണ്‍സും നേടി. നിര്‍ഭാഗ്യകരമായ രീതിയില്‍ രണ്ടു പേരും റണ്‍ ഔട്ട് ആയത് കളിയുടെ ഗതി തിരിച്ചു. അവസാന ഓവറില്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 13 റണ്‍സ്. ടോം മൂഡിയുടെ ആദ്യ രണ്ടു പന്തിലും മോറെ ബൗണ്ടറികള്‍ നേടിയെങ്കിലും അടുത്ത പന്തില്‍ ബൗള്‍ഡ് ആയി. അവസാനം ആ മത്സരം ഒരു റണ്ണിന് ഇന്ത്യ പരാജയപ്പെട്ടു. അവിടെയും നിര്‍ണായകമായത് 67 പന്തില്‍ 25 റണ്‍സ് നേടിയ ശാസ്ത്രിയുടെ പ്രകടനം.
ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ജയത്തിനു തൊട്ടടുത്താണ് ഇന്ത്യ വീണത്. ഉറപ്പായും ജയിക്കുമായിരുന്ന ശ്രീലങ്കക്കെതിരായ മത്സരം നടന്നതും ഇല്ല. ആ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നെങ്കില്‍, പാകിസ്താനെതിരെയും സിംബാബ്വെക്കെതിരെയും നേടിയ ജയങ്ങള്‍ അടക്കം അച്ചു ജയങ്ങളുമായി ഇന്ത്യ സെമിയില്‍ കടന്നേനെ.
അതെ സമയം, അങ്ങേയറ്റം ഭാഗ്യം കടാക്ഷിച്ച ടീം ആയിരുന്നു പാക്കിസ്ഥാന്‍. ഇംഗ്ലണ്ടിനെതിരെ ലീഗ് മാച്ചില്‍ ആദ്യം ബാറ്റ് ചെയ്ത അവര്‍ നേടിയത് വെറും 74 റണ്‍സ്. പക്ഷെ പിന്നീട് പെയ്ത മഴ അവരെ രക്ഷിച്ചു. വിലപ്പെട്ട ഒരു പോയിന്റ് അവര്‍ക്ക് ലഭിച്ചു. അല്ലായിരുന്നെകില്‍ ഒരുപക്ഷെ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ നാലു ജയങ്ങളുമായി ഓസ്‌ട്രേലിയ സെമിയില്‍ കടന്നേനെ.

ഇന്ത്യന്‍ ക്യാപ്റ്റനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം, 1989ലെ ഇന്ത്യാ-പാക് മത്സരത്തില്‍ നടന്നത്

LEAVE A REPLY

Please enter your comment!
Please enter your name here