കോടികൾ കൈയിലുണ്ടെങ്കിലും വൻ ബിസിനസിനില്ല! മമ്മൂട്ടി പണം നിക്ഷേപിക്കുന്നത് ഈ ഒരു മേഖലയിൽ മാത്രം; കാരണം ഇതാണ്

മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. മികച്ച സിനിമകൾ തിരഞ്ഞെടുക്കുന്നതുപോലെ തന്റെ സാമ്പത്തിക കാര്യങ്ങളിലും വളരെ ജാഗ്രത പുലർത്തുന്ന വ്യക്തിയാണ് മമ്മൂട്ടി. സാമ്പത്തികമായി വലിയ റിസ്കുകൾ എടുക്കുന്നതിന് പകരം ഭൂമി പോലുള്ള നിക്ഷേപങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകുന്നത്.
മമ്മൂട്ടിയുടെ സാമ്പത്തിക കാര്യങ്ങളും സ്വകാര്യ ബിസിനസും 30 വർഷത്തിലേറെയായി കൈകാര്യം ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാറാണ് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടി എന്തുകൊണ്ടാണ് വലിയ ബിസിനസുകൾ നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മമ്മൂട്ടി സുരക്ഷിതവും ഉറപ്പും നൽകുന്ന നിക്ഷേപത്തിനാണ് എപ്പോഴും മുൻഗണനൽകുന്നത്. അതിൽ തന്നെ ഭൂമിയിൽ നിക്ഷേപം നടത്താനാണ് നടന് താൽപര്യം. അദ്ദേഹം റിസ്കുള്ള ബിസിനസുകളിൽ നിക്ഷേപം നടത്താറില്ല. അതിനാൽ തന്നെ അദ്ദേഹത്തിന്റെ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ഭൂമി പോലുള്ളവയിലാണ്. ബിസിനസ് വലിയ തോതിൽ വിപുലീകരിക്കുന്നതെക്കാൾ സമ്പത്ത് സംരക്ഷിക്കുന്നതാണ് മമ്മൂട്ടിയുടെ ലക്ഷ്യം. സ്വന്തം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും അദ്ദേഹത്തിനറിയാം.
മമ്മൂട്ടി പൊതുവെ ബിസിനസ് സംരംഭങ്ങളിൽ നിന്ന് വിട്ടുനിൽക്കാറുണ്ട്. എന്നാൽ മകൾ സുറുമിയും അവരുടെ ഭർത്താവ് ഡോ. മുഹമ്മദ് റൈഹാൻ സയീദും ചേർന്ന് സ്ഥാപിച്ച് ‘മദർ ഹുഡ്’ എന്ന സ്ഥാപനത്തിൽ ഒഹരി ഉടമയാണ് മമ്മൂട്ടി. 15 വർഷം മുൻപ് ഒരു സ്റ്റാർട്ടപ്പ് ആയി ആരംഭിച്ച ഈ കമ്പനി പിന്നീട് ഒരു വിദേശ കമ്പനി ഏറ്റെടുത്തിരുന്നു. ഇത്തരം സംരംഭംങ്ങൾ ഒഴിച്ചുനിർത്തിയാൽ മമ്മൂട്ടി വലിയ ബിസിനസുകളിലേക്ക് കടക്കാറില്ല.



