ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധത്തിൽ വൻ ട്വിസ്റ്റ്! മോക്ക് പാർലമെന്റിന് പകരം ‘ജനകീയ കുറ്റവിചാരണ’; നാളെ പ്രതിഷേധം തെരുവിലേക്ക്!

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം കൂടുതൽ ശ്രദ്ധേയമാക്കാൻ പരിപാടിയുടെ പേരും രൂപവും മാറ്റി ഇന്ത്യാ മുന്നണി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്താനിരുന്ന ‘മോക്ക് പാർലമെന്റ്’ പ്രതിഷേധമാണ് ‘ജൻ മഹാഭിയോഗ്’ അഥവാ ‘ജനകീയ കുറ്റവിചാരണ’ എന്ന പേരിൽ സംഘടിപ്പിക്കുന്നത്. പാർലമെന്റിനെ പരിഹസിക്കുന്ന തരത്തിലുള്ള നടപടികൾ ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പരിപാടി നടക്കുക.

സർക്കാർ പക്ഷവും പ്രതിപക്ഷവും മുഖാമുഖം നിന്ന് പ്രസീഡിങ് ഓഫീസറുടെ സാന്നിധ്യത്തിൽ സംവാദം നടത്തുന്ന പാർലമെന്ററി മാതൃകയിലായിരുന്നു ആദ്യം പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, ഇന്ത്യാ മുന്നണി നേതാക്കൾ ചേർന്ന യോഗത്തിൽ ഇതിന് മാറ്റം വരുത്താൻ തീരുമാനിക്കുകയായിരുന്നു. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറിനാണ് ജനകീയ കുറ്റവിചാരണയുടെ നടപടികളുടെ ചുമതല. സമാജ്‌വാദി പാർട്ടിയിൽനിന്നുള്ള ഒരു എം.പി അവരെ സഹായിക്കും. മീരാ കുമാർ, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, ഡെറിക് ഒബ്രിയാൻ, മഹുവാ മാജി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഉച്ചയ്ക്ക് മൂന്നിന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് 7.30 വരെ നീളും. മല്ലികാർജുൻ ഖാർഗെ വാദങ്ങൾ ആരംഭിക്കുകയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉപസംഹരിക്കുകയും ചെയ്യും. 19 രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള നേതാക്കൾക്ക് സംസാരിക്കാൻ അവസരമുണ്ടാകും. ഇവർക്ക് അഞ്ച് മിനിറ്റ് വീതം അനുവദിക്കുമ്പോൾ സമാജ്‌വാദി പാർട്ടിക്കും തൃണമൂൽ കോൺഗ്രസിനും പത്ത് മിനിറ്റ് വീതം ലഭിക്കും. വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്കും സിവിൽ സമൂഹത്തിലെ മൂന്ന് അംഗങ്ങൾക്കും സംസാരിക്കാം. ആകെ 30 ഓളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. ദേശീയഗാനത്തോടെയാകും പരിപാടി അവസാനിക്കുക. കോൺഗ്രസും മറ്റ് ഇന്ത്യാ മുന്നണി കക്ഷികളും യൂട്യൂബ് ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇത് തത്സമയം സംപ്രേഷണം ചെയ്യും.

തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണമാണ് പ്രതിഷേധത്തിലെ പ്രധാന വിഷയം. ഈ നടപടികൾ 13.5 കോടി വോട്ടർമാരെ ബാധിച്ചെന്നാണ് പറയപ്പെടുന്നതെങ്കിലും, തങ്ങളുടെ കണക്കുപ്രകാരം ബാധിക്കപ്പെട്ടവരുടെ എണ്ണം 16.5 കോടിയാണെന്നാണ് കോൺഗ്രസിന്റെ വാദം. വോട്ടർ പട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കിയെന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർത്തിക്കാട്ടാനാണ് ഇന്ത്യാ മുന്നണിയുടെ നീക്കം. പ്രതിഷേധത്തിലൂടെ ഈ വിഷയത്തിൽ പൊതുചർച്ച ശക്തമാക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button