ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം: പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസിൽനിന്ന് മാർച്ചിന് ഒരുങ്ങുന്നതിനിടെയാണ് നടപടി.സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നേതാക്കളെ ഹരിയാന അതിർത്തിയിലുള്ള താൽക്കാലിക കസ്റ്റഡി കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.‘ജനാധിപത്യ ധ്വംസനം’; പിണറായി വിജയൻനടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച പിണറായി വിജയൻ, നടക്കുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിന് പിന്തുണ നൽകുന്നത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്തു.
ദില്ലിയിൽ കനത്ത സുരക്ഷ
വ്യാപക കസ്റ്റഡിഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം ആരംഭിക്കാനിരിക്കെയാണ് ദില്ലിയിൽ വ്യാപക പൊലീസ് നടപടി. സമരവേദിയിലെത്തുന്നതിന് മുമ്പുതന്നെ നൂറുകണക്കിന് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.തലസ്ഥാനത്ത് കേന്ദ്ര സായുധ സേനാ വിഭാഗങ്ങൾ ഉൾപ്പെടെ വൻ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. 45 മെട്രോ സ്റ്റേഷനുകൾ അടച്ചതായും 254 ട്രെയിനുകളുടെ സർവീസ് റദ്ദാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.കൊണാട്ട് പ്ലേസിന് ചുറ്റുമുള്ള വ്യാപാരസ്ഥാപനങ്ങൾ അടച്ചതായും ജൻപഥ് ജംഗ്ഷന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതായും വിവരമുണ്ട്.പ്രതിഷേധവും പൊലീസ് നടപടിയും ദേശീയ തലസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.



