തൊഴിലില്ലായ്മയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം; ‘1000 യുവാക്കളിൽ 12 പേർക്ക് മാത്രമാണ് സ്ഥിരം ജോലി’ : രാഹുൽ ഗാന്ധി

പ്രയാഗ്രാജ്: രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആയിരം യുവാക്കളിൽ വെറും 12 പേർക്ക് മാത്രമാണ് സ്ഥിരമായ ജോലി ലഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന ‘ഛാത്രോൻ കി ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ യഥാർത്ഥ ശക്തി 40 കോടി വരുന്ന ഊർജസ്വലരായ യുവജനങ്ങളാണെന്നും അവരുടെ കഴിവുകൾ രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
1,000 യുവാക്കളിൽ 12 പേർക്ക് മാത്രമാണ് സ്ഥിരം ജോലി ലഭിക്കുന്നത്. 150 യുവാക്കളിൽ ഒരാൾക്ക് മാത്രമാണ് സർക്കാർ ജോലി ലഭിക്കുന്നത് എന്ന കണക്കുകളും അദ്ദേഹം വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
യുവാക്കളെ സോഷ്യൽ മീഡിയയ്ക്ക് അടിമകളാക്കുകയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വഴിതെറ്റിക്കുകയും ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. യുവാക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ജിയോ, അദാനി, ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികളെ പരാമർശിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. “നിങ്ങളൊരു കെണിയിൽ അകപ്പെട്ടിരിക്കുകയാണ്” എന്നും വിദ്യാർത്ഥികളോട് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയും ഡിജിറ്റൽ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളും രാഷ്ട്രീയ ചർച്ചകളിൽ വീണ്ടും സജീവമാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന.



