തീയറ്ററുകളിലെ ‘പകൽക്കൊള്ള’ക്ക് പിടിവീഴുന്നു; കർശന നടപടിയുമായി കോർപ്പറേഷൻ

അമിതവില, സുരക്ഷാ–ശുചിത്വ വീഴ്ച, അനധികൃത സീറ്റുകൾ; നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കും
തിരുവനന്തപുരം: സിനിമാ തീയറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും പാനീയങ്ങൾക്കും അമിതവില ഈടാക്കുന്നതും സുരക്ഷാ–ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുന്നതും അനുവദിക്കില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ. തീയറ്ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങൾ പാലിക്കണമെന്ന് മേയർ വി.വി. രാജേഷ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിർദേശങ്ങൾ പാലിക്കാത്ത തീയറ്ററുകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
തീയറ്ററുകളുടെ പ്രവേശന കവാടങ്ങളിലും ഓരോ ഡോറുകൾക്ക് സമീപവും പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ശുദ്ധമായ കുടിവെള്ളവും ഗ്ലാസും ഒരുക്കുന്നത് നിർബന്ധമാക്കുന്നത് സംബന്ധിച്ചും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ചേർന്ന തീയറ്റർ ഉടമകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവച്ചത്.
ആകാശത്ത് 35,000 അടി ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിൽ പോലും സൗജന്യമായി കുടിവെള്ളം ലഭിക്കുന്ന സാഹചര്യത്തിൽ തീയറ്ററുകളിൽ വെള്ളത്തിന് അമിതവില ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മേയർ വ്യക്തമാക്കി.
ഭക്ഷണത്തിന് അമിതവില; നഗരസഭയുടെ അധികാരം കർശനമാക്കും
ഭക്ഷണസാധനങ്ങൾക്കും പാനീയങ്ങൾക്കും അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ പരിമിതികൾ നിലനിൽക്കുന്നുണ്ടെങ്കിലും തീയറ്ററുകളുടെ പ്രവർത്തനാനുമതി, കെട്ടിടസുരക്ഷ, ഫയർ ആൻഡ് സേഫ്റ്റി, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിൽ നഗരസഭയ്ക്കുള്ള ലൈസൻസിംഗ് അധികാരം കർശനമായി പ്രയോഗിക്കുമെന്ന് മേയർ അറിയിച്ചു.
കോർപ്പറേഷൻ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ ഭക്ഷണം പുറത്തുനിന്ന് കൊണ്ടുവരുന്നത് തടയരുത്
കുട്ടികൾക്കാവശ്യമായ ഭക്ഷണസാധനങ്ങൾ പുറത്തുനിന്ന് തീയറ്ററുകളിലേക്ക് കൊണ്ടുവരുന്നത് തടയരുതെന്നും നഗരസഭ നിർദേശിച്ചു. കുഞ്ഞുങ്ങളുമായി സിനിമ കാണാനെത്തുന്ന കുടുംബങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നിർദേശം.
‘ബോഡി ചെക്കിംഗ്’ മാന്യമായ രീതിയിൽ വേണം
സുരക്ഷയുടെ പേരിലുള്ള പരിശോധനകളിൽ മാന്യതയും സുതാര്യതയും ഉറപ്പാക്കണമെന്നും കോർപ്പറേഷൻ നിർദേശിച്ചു. സിനിമ കാണാനെത്തുന്നവരുടെ വ്യക്തിത്വത്തെയും ആത്മാഭിമാനത്തെയും ഹനിക്കുന്ന തരത്തിലുള്ള പരിശോധനകൾ അനുവദിക്കില്ല.
പ്രത്യേകിച്ച് സ്ത്രീകളുടെ ബാഗുകൾ പരിശോധിക്കുമ്പോൾ മാന്യമായ രീതികൾ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പരാതികൾക്ക് തൃപ്തികരമായ പരിഹാരം ലഭിക്കാത്ത പക്ഷം വിഷയം പോലീസിന് കൈമാറുമെന്നും ലൈസൻസിംഗ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തീയറ്ററുകളുടെ പ്രവർത്തനാനുമതി പുനഃപരിശോധിക്കുമെന്നും മേയർ വ്യക്തമാക്കി.
അനധികൃത സീറ്റുകൾ നീക്കം ചെയ്യണം
കെട്ടിടസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച സീറ്റുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും തീയറ്റർ ഉടമകൾക്ക് നിർദേശം നൽകി.
തീയറ്ററുകളിൽ എത്തുന്ന വാഹനങ്ങൾക്ക് കോമ്പൗണ്ടിനുള്ളിൽ മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും നിർദേശമുണ്ട്. റോഡുകളിലും പൊതുസ്ഥലങ്ങളിലും ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും നഗരസഭ വ്യക്തമാക്കി.
15 ദിവസത്തിനകം നിർദേശങ്ങൾ നടപ്പാക്കണം
കോർപ്പറേഷൻ മുന്നോട്ടുവച്ച നിർദേശങ്ങളും പരിഷ്കാരങ്ങളും നടപ്പാക്കാൻ തീയറ്റർ ഉടമകൾക്ക് 15 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്.
സമയപരിധി അവസാനിച്ചതിന് പിന്നാലെ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തും. തുടർന്ന് തീയറ്റർ ഉടമകളുടെ യോഗം വിളിച്ചുചേർത്ത് നിർദേശങ്ങൾ എത്രത്തോളം പാലിച്ചുവെന്ന് വിലയിരുത്തും.
നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നഗരസഭ കടക്കുമെന്നും മേയർ വ്യക്തമാക്കി.



