‘കോൺഗ്രസ് ആർഎസ്എസിന്റെ ബി ടീമായി’; വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: എഐസിസി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് ഇതിലൂടെ വീണ്ടും പുറത്തുവന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ വനംവകുപ്പ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ചടങ്ങിലും സമാനമായ സംഭവം ഉണ്ടായത് ഗൗരവതരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് കോൺഗ്രസിന്റെ പ്രതിബദ്ധതയെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാനത്തിലെ മതപരമായ ബിംബങ്ങൾ ബഹുസ്വര സമൂഹത്തിന് അനുയോജ്യമല്ലാത്തതിനാൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ ദേശീയ പ്രസ്ഥാനത്തിന്റെ വേദികളിൽ ആലപിക്കാവൂ എന്ന് 1937ൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1950ൽ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തിന് ദേശീയഗീതം എന്ന പദവി നൽകിയപ്പോഴും ആദ്യ രണ്ട് ചരണങ്ങളെയാണ് ഉദ്ദേശിച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കി. സ്വന്തം മതേതര പാരമ്പര്യത്തെയാണ് വന്ദേമാതരം പൂർണമായി ആലപിക്കുന്നതിലൂടെ കോൺഗ്രസ് ഉപേക്ഷിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമല്ലെന്ന് 2026 മാർച്ചിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിയമപ്രകാരവും വന്ദേമാതരം ആലപിക്കാത്തത് ശിക്ഷാർഹമായ കുറ്റമല്ലെന്നും പിണറായി വിജയൻ പറഞ്ഞു.

നിയമപരമായ ബാധ്യതയില്ലാതിരുന്നിട്ടും ആർഎസ്എസ് തിട്ടൂരങ്ങൾക്ക് കീഴടങ്ങി വന്ദേമാതരം പൂർണമായി ആലപിക്കുന്നത് രാജ്യത്തെ മതനിരപേക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷ വർഗീയതയുമായി മത്സരിക്കാൻ സംഘപരിവാർ അജണ്ടകൾ അതേപടി പകർത്തുന്ന കോൺഗ്രസ് ആർഎസ്എസിന്റെ ‘ബി ടീമായി’ മാറിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിതെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button