വിദ്യാഭ്യാസ മികവിൽ കേരളം മാതൃകയാകുമെന്ന് മുഖ്യമന്ത്രി; പ്രവേശനോത്സവത്തിന് തുടക്കം

തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ മുരളീധരൻ, എ പി അനിൽകുമാർ, തിരുവനന്തപുരം മേയർ വി വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചേർന്ന് ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിച്ചു. ശേഷം മുഖ്യമന്ത്രി കുട്ടികൾക്കായി പുതിയ ബാഗുകളും മറ്റ് പഠനോപകരണങ്ങൾ കൈമാറി. മൂന്നു ലക്ഷത്തിലധികം കുട്ടികൾ ഒന്നാം ക്ലാസിലേക്ക് എത്തിയെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. കുട്ടികൾ പഠനത്തോടൊപ്പം സഹജീവികളോടുള്ള സ്നേഹവും കാരുണ്യവും പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ കഴിവുകൾ അദ്ധ്യാപകരും മാതാപിതാക്കളും തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.’
വിജ്ഞാന വിസ്‌ഫോടനം നടക്കുന്ന കാലമാണിത്. അതായത് അറിവ് ഉണ്ടാകുന്നതിന്റെ വേഗത കൂടിയിരിക്കുകയാണ്. എല്ലാ രംഗത്തും പുതിയ കണ്ടെത്തലുകൾ നടക്കുന്നുണ്ട്. ഓരോ മിനിട്ടിലും ഉണ്ടാകുന്ന അറിവുകൾ കണ്ടെത്തി പഠിക്കുകയെന്നതാണ് കുട്ടികളുടെ ഏറ്റവും വലിയ വെല്ലുവിളി.പുതിയ അറിവുകൾ തേടാൻ വിദ്യാർത്ഥികൾ ശ്രമിക്കണം.
വായനയിലൂടെയും അദ്ധ്യാപകരിലൂടെയും പുതിയ അറിവ് നേടാൻ ശ്രമിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ കേരളം മുന്നിലാണ്. കേരളത്തിൽ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരികയാണ് നമ്മുടെ ലക്ഷ്യം. വിദേശത്ത് നിന്നുപോലും കുട്ടികൾ കേരളത്തിലെത്തി പഠിക്കുന്ന കാലം വരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. മറ്റ് രാജ്യങ്ങളിൽ പോകാതെ തന്നെ നിങ്ങൾക്ക് ഇവിടെ നല്ല പഠനം ഉറപ്പാക്കാം. ലഹരിമരുന്നിനെതിരെ പ്രവർത്തിക്കണം. നിങ്ങൾ ഞങ്ങളുടെ സ്വപ്നമാണ്’- മുഖ്യമന്ത്രി പറഞ്ഞു.



