ആലിംഗന വിവാദത്തിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്; ‘വിജയലഹരിയിൽ പരിസരബോധം മറന്നു’

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎമാരെ ആലിംഗനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ് രംഗത്ത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിൽ പരിസരബോധം മറന്നാണ് ഇന്ദിരാഭവനിൽ എത്തിയ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

“അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹത്തോടെ ചേർത്തുപിടിക്കുകയായിരുന്നു. അതിൽ എന്തെങ്കിലും അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം,” എന്നാണ് ചെറിയാൻ ഫിലിപ്പ് കുറിച്ചത്.

സംഭവത്തിൽ ദുരുദ്ദേശ്യമൊന്നുമില്ലായിരുന്നുവെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി ഉൾപ്പെടെ ചില നേതാക്കൾ തന്നെ പിന്തുണച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും തന്റെ പ്രവർത്തി സ്വാഭാവികമായിരുന്നുവെന്ന് പ്രതികരിച്ചതായും കുറിപ്പിൽ പറയുന്നു. വർഷങ്ങളായി പരിചയമുള്ള ഇവരെ തന്റെ “കുഞ്ഞനുജത്തിമാർ” പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നടക്കുന്നതിനിടെ ഇന്ദിരാഭവനിലെത്തിയ എംഎൽഎമാരെ ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ ശ്രമിച്ചതാണ് വിവാദമായത്. പ്രത്യേകിച്ച് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും അവർ ഒഴിഞ്ഞുമാറുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം വ്യാപക വിമർശനത്തിനും ചർച്ചകൾക്കും ഇടയാക്കി.

ഫേസ്ബുക്ക് കുറിപ്പിൽ തന്റെ ആരോഗ്യപ്രശ്നങ്ങളും ചെറിയാൻ ഫിലിപ്പ് വിശദീകരിച്ചു. അര നൂറ്റാണ്ട് മുമ്പുണ്ടായ രാഷ്ട്രീയ പീഡനത്തിൽ നട്ടെല്ലിനും സുഷുമ്നാകണ്ഡത്തിനും പരിക്കേറ്റതിനെ തുടർന്ന് ഇപ്പോഴും ചികിത്സ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഒറ്റയാനായി സന്ന്യാസസദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യമാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടു,” എന്നും കുറിപ്പിൽ പറയുന്നു.

തന്നെ പിന്തുണച്ചവർക്കും ആശ്വാസം നൽകിയവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ചെറിയാൻ ഫിലിപ്പ് കുറിപ്പ് അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button