നീരുവന്ന് കവിൾ വീർത്തു, അനുമോൾക്ക് എന്തുപറ്റിയെന്ന് ആരാധകർ

സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് അനുമോൾ. അടുത്തിടെയാണ് നടി വിവാഹിതയായത്. തമിഴ്നാട് സ്വദേശി ഭുവനേഷിനെയാണ് അനുമോൾ വിവാഹം ചെയ്തത്. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമാണ്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഭുവനേഷ് പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. അനുമോളുടെ കവിളിൽ നീരുവന്ന് വീങ്ങിയിരിക്കുന്ന ദൃശ്യങ്ങളാണ് ഭുവനേഷ് പങ്കുവച്ചത്. അനുവിന് എന്തുപറ്റിയെന്നും വീഡിയോയ്ക്ക് താഴെ ആരാധകർ ചോദിക്കുന്നുണ്ട്.’ഞാൻ ഒരടി കൊടുത്തതാ, അതുകൊണ്ടാണ് കവിൾ ഇങ്ങനെ വീർത്തിരിക്കുന്നത്’ എന്നാണ് വീഡിയോയുടെ തുടക്കം ഭുവനേഷ് തമാശരൂപേണ പറയുന്നത്.
‘രാത്രി ഞാൻ അനുവിന്റെ അടുത്താണ് കിടന്നത്. എന്നാൽ ഉണർന്നപ്പോൾ വേറെ ആരോ എന്റെ അടുത്ത് കിടക്കുന്നു. നിങ്ങൾ ആരാണ്’ എന്ന തമാശയ്ക്ക് ഭുവനേഷ് ചോദിക്കുമ്പോൾ ‘ഇവൻ എന്നെ അടിച്ചു എന്ന് തമാശയ്ക്ക് അനുമോളും പറയുന്നുണ്ട്. പിന്നാലെ അനുമോളുടെ പല്ല് എടുത്തതിനെ തുടർന്നാണ് കവിൾ ഇത്തരത്തിൽ വീങ്ങിയിരിക്കുന്നതെന്നും ഭുവനേഷ് വ്യക്തമാക്കുന്നു. കഠിനമായ വേദനകാരണം സംസാരിക്കാൻ പോലും പ്രയാസപ്പെടുന്ന അനുമോളെയും വീഡിയോയിൽ കാണാം.
ടെലിവിഷൻ ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ തിരുവനന്തപുരത്തുകാരിയായ അനുമോൾ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ജേതാവായി. തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും സീരിയലുകളിലും വേഷമിട്ട താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.



