ചാർമിനാർ എക്സ്പ്രസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു, വൻ ദുരന്തം ഒഴിവായി

തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിൽ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിന്റെ എസ് 5 കോച്ചിലാണ് പെട്ടെന്ന് തീപിടിത്തമുണ്ടായത്. കോച്ചിനുള്ളിൽ പുകയും തീയും പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ വലിയ പരിഭ്രാന്തിയിലായി. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്താൻ ശ്രമിക്കുകയും ചെയ്തു.

ട്രെയിൻ നിശ്ചലമായ ഉടൻ തന്നെ യാത്രക്കാർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും റെയിൽവേ അധികൃതർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അപകടത്തെത്തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും പ്രാദേശിക അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *