കാലവർഷം കേരളത്തിൽ എത്താനുള്ള സാധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കേരളതീരത്ത് മത്സ്യബന്ധന വിലക്ക് തുടരുകയാണ്. നാളെ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

കാലവർഷം എത്തുന്നതോടെ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും വിവിധ ഭാഗങ്ങളിൽ മഴ വ്യാപിക്കുമെന്നും അറിയിപ്പിൽ പറയുന്നു. തെക്കൻ കേരള തീരത്തോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥ വിദഗ്ധർ സൂചിപ്പിക്കുന്നു.

പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും നിർദേശിക്കുന്നു.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റ് മൂലം മരങ്ങൾ കടപുഴകി വീഴാനും വൈദ്യുത പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

അതിശക്തമായ മഴയുള്ള സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജലാശയങ്ങളിൽ ഇറങ്ങുകയോ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുകയോ ചെയ്യരുതെന്നും നിർദേശത്തിൽ പറയുന്നു. മഴ മുന്നറിയിപ്പ് മാറുന്നത് വരെ മലയോര മേഖലകളിലേക്കുള്ള യാത്രകളും വിനോദസഞ്ചാരവും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button