ഇ85 ഇന്ധനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; കുറഞ്ഞ ചെലവിൽ യാത്ര, കർഷകർക്ക് കൂടുതൽ നേട്ടം

ന്യൂഡൽഹി: രാജ്യത്ത് 85 ശതമാനം എഥനോൾ ചേർന്ന ഇന്ധനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി കേന്ദ്രം. ഇത്തരം ഇന്ധനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ നടത്തുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഹീറോ മോട്ടോർകോർപ്പിന്റെ ഫ്ലെക്‌സ് ഫ്യുവൽ പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ നിർദേശിച്ചിട്ടുള്ല ഇ85 ഇന്ധനത്തിൽ 85 ശതമാനം എഥനോൾ ആയിരിക്കും കലർത്തുക. ഇതിന് അനുയോജ്യമായ വാഹനങ്ങളിൽ ഇത്തരം ഇന്ധനങ്ങൾ ഉപയോഗിക്കാം. പെട്രോളിനേക്കാൾ കുറഞ്ഞ വിലയിൽ ഇത് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇ85 പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിക്കുന്നുണ്ട്. ഇതിനായുള്ള നയങ്ങൾ രൂപീകരിക്കുന്നതിനൊപ്പം വില സംബന്ധിച്ച വിവരങ്ങൾ വൈകാതെ തന്നെ വെളിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.ഘട്ടംഘട്ടമായാകും ഇ85 വ്യാപകമാക്കുക.

തുടക്കത്തിൽ ഡൽഹി – എൻസിആർ മേഖല, മുംബയ്, പൂനെ, നാസിക് എന്നിവിടങ്ങളിലാകും ഇത് എത്തിക്കുക. ഡിസംബറോടെ 500 പമ്പുകൾ ഇതിനായി സജ്ജമാക്കും. 2027ന്റെ അവസാനത്തോടെ ഇത് 5000 ആയി ഉയർത്തുമെന്നും ഹർദീപ് സിംഗ് വ്യക്തമാക്കി. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും കലർത്തിയാണ് ഇ85 ഇന്ധനം വികസിപ്പിക്കുന്നത്. ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങളിൽ മാത്രമാണ് ഇത് ഉപയോഗിക്കാനാവുക.

ഫ്ലെക്‌സ് ഫ്യുവൽ വ്യാപകമാക്കുന്നതിലൂടെ പെട്രോളിയം ഇറക്കുമതി കുറയ്‌ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇലക്‌ട്രിക് വാഹനങ്ങളേക്കാൾ മലിനീകരണം കുറഞ്ഞ ഇന്ധനമായാണ് ഇ85നെ കണക്കാക്കുന്നത്. രാജ്യത്തെ 50 ശതമാനം വാഹനങ്ങൾ ഫ്ലെക്‌സ് ഫ്യുവലിലേക്ക് മാറിയാൽ എഥനോളിന്റെ ആവശ്യം 311.8 കോടി ലിറ്ററായി ഉയരും. ഇത് രാജ്യത്തെ കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കാൻ സഹായിക്കുമെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button