കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞുകിട്ടിയില്ല; ഔദ്യോഗിക വസതി വൈകുന്നതിൽ അതൃപ്തി അറിയിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഇതുവരെ ഒഴിഞ്ഞുകിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരുമാസത്തിലേറെയായിട്ടും ഔദ്യോഗിക വസതിയും ഓഫീസ് സംവിധാനങ്ങളും കൈമാറാത്ത സാഹചര്യത്തിലാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്.

പ്രതിപക്ഷ നേതാവെന്ന നിലയിൽ ലഭിക്കേണ്ട സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ എ.കെ.ജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടിവന്നതായും പിണറായി വ്യക്തമാക്കി. താൻ മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കഴിയുന്നത്ര വേഗത്തിൽ ഒഴിഞ്ഞുനൽകിയിരുന്നുവെന്നും, എന്നാൽ തനിക്ക് അനുവദിച്ച കന്റോൺമെന്റ് ഹൗസ് ഇപ്പോഴും ഒഴിഞ്ഞ് നൽകാത്തതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ആകാവുന്നത്ര വേഗത്തിൽ ക്ലിഫ് ഹൗസ് ഞാൻ ഒഴിഞ്ഞുനൽകിയിരുന്നു. പുതിയ മുഖ്യമന്ത്രി എപ്പോൾ അവിടേക്ക് താമസം മാറുമെന്നത് അറിയില്ല. അറ്റകുറ്റപ്പണികൾ ആവശ്യമുണ്ടാകുമല്ലോ. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞുകിട്ടാത്തതിനാൽ ഇപ്പോഴും താൽക്കാലിക സംവിധാനങ്ങളിലാണ് പ്രവർത്തിക്കേണ്ടിവരുന്നത്,” പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജനാധിപത്യ മര്യാദകൾ പാലിച്ചുകൊണ്ട് ക്ലിഫ് ഹൗസ് പൂർണമായും ഒഴിഞ്ഞുനൽകിയെന്നാണ് പിണറായിയുടെ വിശദീകരണം. അതേസമയം, നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ലിഫ് ഹൗസിലേക്ക് എപ്പോൾ താമസം മാറുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞുകിട്ടാത്തതിനാൽ തിരുവനന്തപുരത്തെ താൽക്കാലിക വാടകവീട്ടിലാണ് പിണറായി വിജയൻ ഇപ്പോൾ താമസിക്കുന്നത്. ഔദ്യോഗിക വസതി കൈമാറിയാലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമേ താമസം മാറ്റാൻ സാധിക്കൂ എന്നതിനാൽ, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള മാറ്റം ഇനിയും വൈകാനിടയുണ്ടെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button