KSRTC സൗജന്യ യാത്രാ പദ്ധതി ‘പ്രിയദർശിനി’യെച്ചൊല്ലി രാഷ്ട്രീയ പോര്; ഉദ്ഘാടന ബഹിഷ്കരണത്തിൽ സിപിഎമ്മും സർക്കാരും ഏറ്റുമുട്ടൽ

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം സിപിഎം ബഹിഷ്കരിക്കുന്നതിനെതിരെ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

സിപിഎമ്മിന്റേത് ‘വിനാശകാലേ വിപരീതബുദ്ധി’യാണെന്നും, അവർ പിന്നീട് ഈ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്കരിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, പരിപാടിയിൽ നിന്ന് എംഎൽഎമാർ പൂർണ്ണമായി വിട്ടുനിൽക്കണമെന്ന് സിപിഎം നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്.

പദ്ധതി ‘ആളെപ്പറ്റിക്കൽ’ ആണെന്ന വിമർശനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉയർത്തിയത്. ആദ്യ പ്രഖ്യാപനത്തിൽ പറഞ്ഞതുപോലെ എല്ലാ റൂട്ടുകളിലുമല്ല, ആയിരം ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നതെന്നും മലബാർ മേഖലയിൽ ഓർഡിനറി ബസുകൾ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ജൂൺ 15 രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 9 മണി മുതൽ സ്ത്രീകൾക്ക് ‘സീറോ ടിക്കറ്റ്’ വിതരണം ആരംഭിക്കും. വരുമാനമോ പ്രായമോ പരിഗണിക്കാതെ സ്ത്രീകൾക്ക് യാത്ര സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയിലുള്ള ബസുകൾ തിരിച്ചറിയാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button