5 ലക്ഷം പറമ്പിൽ കുഴിച്ചിട്ടു; മദ്യലഹരിയിൽ സ്ഥലം മറന്നു, ഒരു വർഷത്തിന് ശേഷം കണ്ടപ്പോൾ ഞെട്ടി!

കള്ളന്മാരിൽ നിന്നും രക്ഷ നേടാനായി പലരും പണം ബാങ്കിലിടാറുണ്ട്. എന്നാൽ, രാജസ്ഥാനിലെ ഒരു കർഷകൻ അത് തന്റെ കൃഷിയിടത്തിൽ കുഴിച്ചിടുകയായിരുന്നു. എന്നാൽ, ആ പണം പിന്നീട് കണ്ടപ്പോൾ അയാളുടെ ഹൃദയം തകർന്നു പോയി. രാജസ്ഥാനിലെ ബാലോത്ര ജില്ലയിലെ പച്പദ്രയിലെ താമസക്കാരനായ മംഗിലാൽ മേഘ്വാൾ എന്ന കർഷകനാണ് കൃഷിയിടത്തിൽ രഹസ്യമായി 5 ലക്ഷം രൂപ കുഴിച്ചിട്ടത്.
ഒരു വർഷം മുമ്പ് ഒരു സ്ഥലം വിറ്റ വകയിലാണ് മംഗിലാലിന് 5 ലക്ഷം രൂപ ലഭിച്ചത്. ഈ പണമുപയോഗിച്ച് തന്റെ ഫാമിൽ ഒരു മുറി നിർമ്മിക്കാനായിരുന്നു അദ്ദേഹം കരുതിയിരുന്നത്. എന്നാൽ, പണം മോഷ്ടിക്കപ്പെടുമെന്നോ കുടുംബാംഗങ്ങൾ ചെലവഴിച്ചു കളയുമെന്നോ ഉള്ള ഭയം കാരണം, ആരോടും പറയാതെ പണം ഒളിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ഒരു രാത്രിയിൽ മംഗിലാൽ മുഴുവൻ തുകയും ഒരു പോളിത്തീൻ ബാഗിലാക്കി തന്റെ കൃഷിയിടത്തിൽ ഒരു കുഴിയെടുത്ത് ഒളിപ്പിച്ചു. എന്നാൽ, മദ്യപിച്ചിരുന്നതിനാൽ എവിടെയാണ് കൃത്യമായി പണം കുഴിച്ചിട്ടത് എന്ന് മംഗിലാൽ മറന്നുപോയി. തുടർന്ന്, മുറി നിർമ്മിക്കാനായി പണം ആവശ്യമായി വന്നപ്പോൾ താൻ പണം കുഴിച്ചിട്ട കൃത്യമായ സ്ഥലം അദ്ദേഹത്തിന് ഓർത്തെടുക്കാനായില്ല.
ദിവസങ്ങളോളം അദ്ദേഹം പണത്തിനായി തിരച്ചിൽ നടത്തി. എന്നാൽ, ആറ് ഏക്കറിലധികം വരുന്ന തന്റെ കൃഷിയിടത്തിൽ നിന്ന് അത് കണ്ടെത്താനായില്ല. ഒടുവിൽ അദ്ദേഹം തന്റെ ഭാര്യയോടും മക്കളോടും കുഴിച്ചിട്ട പണത്തെക്കുറിച്ച് പറഞ്ഞു. ആദ്യം അവർ അദ്ദേഹത്തെ വിശ്വസിച്ചില്ലെങ്കിലും പിന്നീട് തിരച്ചിലിൽ പങ്കുചേർന്നു. എന്നാൽ, എത്ര ശ്രമിച്ചിട്ടും സ്ഥലം കണ്ടെത്താൻ കഴിയാതെ വന്നതോടെ അവർ ആ ശ്രമം ഉപേക്ഷിച്ചു. ഈ വിവരം അവർ മറ്റാരോടും പറഞ്ഞിരുന്നില്ല.
ഏകദേശം ഒരു വർഷം കഴിഞ്ഞു. മഴയ്ക്ക് ശേഷം കുടുംബം കൃഷിയിടത്തിൽ വിത്തുപാകാൻ തയ്യാറെടുപ്പുകൾ തുടങ്ങി. വ്യാഴാഴ്ച രാത്രി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നതിനിടയിലാണ് കുഴിച്ചിട്ടിരുന്ന ബാഗ് യാദൃശ്ചികമായി പുറത്തേക്ക് വന്നത്. ഇരുട്ടായിരുന്നതിനാൽ ആ സമയത്ത് ആരും ഇത് ശ്രദ്ധിച്ചില്ല.
പിറ്റേന്ന് രാവിലെ മംഗിലാലിന്റെ ഭാര്യയും മകനും ചേർന്ന് കൃഷിയിടത്തിന് ചുറ്റുമുള്ള വേലി ശരിയാക്കുന്നതിനിടയിലാണ് കീറി നശിച്ച നിലയിലുള്ള ബാഗ് കണ്ടത്. അത് തുറന്നപ്പോൾ, ചിതലുകൾ തിന്നു നശിപ്പിച്ച നിലയിൽ 500 രൂപയുടെ നോട്ടുകളുടെ അവശിഷ്ടങ്ങൾ കണ്ട് അവർ ഞെട്ടിപ്പോയി. ഈ നോട്ടുകളും കൊണ്ട് കുടുംബം പച്പദ്രയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെത്തിയെങ്കിലും ബാങ്ക് അധികൃതർ അത് സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് അവർ ബാലോത്രയിലെ മെയിൻ ബ്രാഞ്ചിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജയ്പൂരിലെ ബാങ്കിനെ സമീപിക്കാൻ കുടുംബത്തിന് നിർദ്ദേശം ലഭിച്ചു. എന്നാൽ, നിരക്ഷരനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നയാളുമായ മംഗിലാലിന് നിലവിൽ ജയ്പൂരിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നില്ല.
മംഗിലാൽ ഇപ്പോൾ കടുത്ത വിഷമത്തിലാണ്. സൂക്ഷിച്ചുവെച്ച കീറിയ നോട്ടുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത്, തന്റെ ഭർത്താവ് ആ സമയത്ത് പണത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ കുടുംബത്തിന് ഈ വലിയ നഷ്ടം ഒഴിവാക്കാമായിരുന്നു എന്നാണ്.



