വന്ദേമാതരം ആലപിക്കാത്തതിൽ ബിജെപി പ്രതിഷേധം; തള്ളി സുരേഷ് ഗോപി, ‘പ്രോട്ടോക്കോൾ പാലിക്കണം’

കൊച്ചി: എറണാകുളം–ബംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരെ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ഗാനങ്ങൾ ആലപിക്കുന്നതിന് നിശ്ചിത പ്രോട്ടോക്കോൾ ഉണ്ടെന്നും ഉദ്ഘാടന ചടങ്ങിൽ അത് പാലിക്കാൻ കഴിയുമായിരുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇക്കാര്യം ബിജെപി പ്രവർത്തകരെ ബോധ്യപ്പെടുത്തിയപ്പോൾ അവർക്ക് കാര്യങ്ങൾ മനസിലായെന്നും മന്ത്രി പറഞ്ഞു.
16 കോച്ചുകളാക്കി ഉയർത്തിയ എറണാകുളം–ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സർവീസ് ഇന്നലെയാണ് സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തത്. ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെ തുടർന്നാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ വേദിയിൽ ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ചടങ്ങുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടർന്ന് സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുകയും ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. മന്ത്രിയുടെ ഇടപെടലിന് പിന്നാലെ ബിജെപി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു.



