മാസപ്പടി കേസിൽ ഇഡി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നീക്കങ്ങൾ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇഡിയുടെ നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് കാലം മുതലുള്ള സുഹൃത്തുക്കളെ രാവിലെ മുതൽ രാത്രി വരെ ഇഡി റെയ്ഡിന്റെ ഭാഗമായി ചോദ്യം ചെയ്യുകയാണെന്നും റിയാസ് ആരോപിച്ചു. കോഴിക്കോട് ദീർഘകാലമായി നിയമപരമായി ബിസിനസ് നടത്തുന്നവരാണ് ഇവരെന്നും പലരുമായും തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
പുകമറ സൃഷ്ടിച്ച് എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമമാണ് ഇഡിയുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്നും ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനമെന്നും റിയാസ് പറഞ്ഞു.
സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചു. മാസപ്പടി കേസിലെ അന്വേഷണം മുഹമ്മദ് റിയാസിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു.
വിശദമായ അന്വേഷണത്തിന് ഇഡി
സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ വിശദമായ അന്വേഷണത്തിനാണ് ഇഡി ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ ലഭിച്ച രേഖകളും വിവരങ്ങളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും വീണ വിജയൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനമെടുക്കുക.
വീണ വിജയന്റെ ഡയറിയിൽ പരാമർശിച്ചിട്ടുള്ള എട്ടുപേരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. വീണ വിജയനും ഭർത്താവ് മുഹമ്മദ് റിയാസും സൊലാസ് എന്ന കമ്പനിയുടെ ഡയറക്ടർമാരുമായി നടത്തിയതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
സൊലാസ് കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ഇഡി നോട്ടീസ് നൽകിയേക്കുമെന്നും സൂചനയുണ്ട്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം നിഖിൽ ഉൾപ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള പരസ്യ കമ്പനിയാണ് സൊലാസ് എന്നാണ് റിപ്പോർട്ടുകൾ. നിഖിലിന്റെ ഫ്ലാറ്റിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ നിഖിലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.



