യുഡിഎഫ് സത്യപ്രതിജ്ഞയ്ക്ക് ബിജെപി സാന്നിധ്യം; വി.ഡി.യുടെ ക്ഷണം സ്ഥിരീകരിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഭാരതീയ ജനതാ പാർട്ടിയും പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ നേരിട്ട് ഫോണിൽ ക്ഷണിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം വ്യക്തമാക്കിയത്. വി.ഡി. സതീശൻ ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചെന്നും, അദ്ദേഹത്തിന് നന്ദിയും ആശംസകളും അറിയിച്ചതായും രാജീവ് ചന്ദ്രശേഖർ കുറിച്ചു. ചടങ്ങിൽ ബിജെപി/എൻഡിഎ മുന്നണിയിലെ എംഎൽഎമാരും മറ്റ് നേതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയംയിൽ നടക്കും. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.
രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം ഔദ്യോഗിക ചടങ്ങിലേക്ക് പ്രതിപക്ഷ കക്ഷിയായ ബിജെപിയെ ക്ഷണിച്ചതും അവർ പങ്കെടുക്കുമെന്ന് അറിയിച്ചതും ശ്രദ്ധേയമായ രാഷ്ട്രീയ സന്ദേശമായി വിലയിരുത്തപ്പെടുന്നു.



