ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം; സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ച് യുവാവ്

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി യുവാവിന്റെ പരാക്രമം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആര്യനാട് കുളപ്പട സ്വദേശി യദുകൃഷ്ണനാണ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയത്. മദ്യക്കുപ്പിയുമായി എത്തിയ യദു കുപ്പി സ്റ്റേഷനിൽ വലിച്ചെറിയുകയും മേശയിലിരുന്ന പരാതി പേപ്പറുകൾ കീറുകയും ചെയ്തു.
സംഭവമറിഞ്ഞാണ് സർക്കിൾ ഇൻസ്പെക്ടർ (സിഐ) സ്ഥലത്തെത്തിയത്. പിന്നാലെ പ്രതി സമീപത്തുള്ള ആശുപത്രി കെട്ടിടത്തിലേക്ക് ഓടിക്കയറി. യദുവിന് പിറകെ എത്തിയ സിഐയെ ഇരുമ്പ് കസേര കൊണ്ടടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ രീതിയിൽ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് യദുകൃഷ്ണൻ എന്നാണ് വിവരം. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റ ഡിയിലാണ്.



