കെ.പി.സി.സി അധ്യക്ഷ നിയമനം വൈകിക്കരുത്; രാഹുൽ ഗാന്ധിയോട് ആവശ്യം ഉന്നയിച്ച് വി.ഡി. സതീശൻ

ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ.പി.സി.സി അധ്യക്ഷ നിയമനം വൈകരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പാർട്ടിക്കായി മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ശക്തമായ നിലപാടാണ് അദ്ദേഹം രാഹുൽ ഗാന്ധിയുടെ മുന്നിൽ വെച്ചത്. പത്ത് ജൻപഥിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി കേരള ഹൗസിലേക്ക് മടങ്ങി. അധ്യക്ഷ നിയമനത്തിൽ തീരുമാനം വൈകില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായാണ് സൂചന.
കെ.പി.സി.സി അധ്യക്ഷനെ സംബന്ധിച്ച അന്തിമ തീരുമാനം നീളുന്ന പശ്ചാത്തലത്തിൽ സണ്ണി ജോസഫ് തൽസ്ഥാനത്ത് തുടരട്ടെയെന്നായിരുന്നു നേരത്തെയുള്ള ധാരണ. സംഘടനയെ സജീവമാക്കാൻ അദ്ദേഹത്തിന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മന്ത്രിസ്ഥാനം ഏറ്റെടുത്തതോടെ അധ്യക്ഷ പദവിയിൽ ഒരേസമയം തുടരുന്നതിലെ ബുദ്ധിമുട്ടുകളും പരിമിതികളും സണ്ണി ജോസഫ് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്രയും പെട്ടെന്ന് പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുന്നത്.



