കോൺഗ്രസ് നേതാവ് കെ. അച്യുതൻ അന്തരിച്ചു; വിടവാങ്ങിയത് ചിറ്റൂർ മുൻ എംഎൽഎ

കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എംഎൽഎയുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ രണ്ടു പതിറ്റാണ്ടോളമാണ് അദ്ദേഹം ചിറ്റൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. സജീവ രാഷ്ട്രീയത്തിൽ ദീർഘകാലം ജനപ്രതിനിധിയായി പ്രവർത്തിച്ച അദ്ദേഹം, 1979 മുതൽ 1996 വരെ ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തത്തമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ചിറ്റൂർ പ്രൈമറി കോപ്പറേറ്റീവ് അഗ്രികൾച്ചർ ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ്, ഡയറക്ടർ, പാലക്കാട് ജില്ലാ കൗൺസിൽ അംഗം, ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം തുടങ്ങിയ സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ചിറ്റൂരിന്റെ വികസനത്തിനായി ജീവിതം മാറ്റിവെച്ച അദ്ദേഹം, മന്ത്രിസ്ഥാനം പോലും വേണ്ടെന്നുവെച്ച് സ്വന്തം മണ്ഡലത്തോടൊപ്പം ഉറച്ചുനിന്ന നേതാവായിരുന്നു.
അച്യുതന്റെ നിര്യാണത്തിൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളായ ഷാഫി പറമ്പിൽ എംപി, എ.പി. അനിൽകുമാർ, പി.സി. വിഷ്‍ണുനാഥ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സ്ഥാനമാനങ്ങൾക്ക് വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്ത, ജനങ്ങളുടെ സ്നേഹം മാത്രം സമ്പാദ്യമാക്കിയ കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹമെന്ന് നേതാക്കൾ ഓർ അനുസ്മരിച്ചു.



