യുഡിഎഫ് യോഗം ചേരാത്തതെന്തുകൊണ്ട്? ചെയർമാനോട് ചോദിക്കണമെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം: യു.ഡി.എഫ് യോഗം ചേരാത്തതിന്റെ കാരണം മുന്നണി ചെയർമാനോടാണ് ചോദിക്കേണ്ടതെന്ന് പരസ്യമായി വ്യക്തമാക്കി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. മുന്നണിയിലെ ഏകോപനമില്ലായ്മയെക്കുറിച്ച് താൻ ഉന്നയിച്ച വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുപ്രധാന തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന മന്ത്രി സണ്ണി ജോസഫിന്റെ പ്രസ്താവന മന്ത്രിസഭയിലെ കൂട്ട ഉത്തരവാദിത്വത്തെ ബാധിക്കുന്ന തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്യാബിനറ്റ് തീരുമാനങ്ങൾ കൺവീനറെ അറിയിക്കേണ്ടതില്ലെങ്കിലും, യു.ഡി.എഫിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വേഗത്തിലാക്കണമെന്നും കെ.പി.സി.സി അധ്യക്ഷന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ, കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതിന് സമാനമായി തന്നെയും പുകച്ചു പുറത്തുചാടിക്കാൻ ഒരു ഉപജാപക സംഘം ശ്രമിക്കുന്നുണ്ടെന്ന് അടൂർ പ്രകാശ് ആരോപിച്ചിരുന്നു. ഇതിനുപുറമെ, മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയിൽ ജനങ്ങൾക്ക് സംശയങ്ങൾക്ക് ഇടനൽകാത്തവിധം വ്യക്തത വേണമെന്നും അദ്ദേഹം മുൻപ് പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button