അമേരിക്കയിൽ പാലാ സ്വദേശി അറസ്റ്റിൽ; സമൂഹമാധ്യമ പോസ്റ്റുകൾ വിവാദത്തിൽ

കോട്ടയം പാലാ സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിൽ (ആൽബിൻ മാത്യു) അമേരിക്കയിൽ അറസ്റ്റിലായതായി റിപ്പോർട്ടുകൾ. അമേരിക്കൻ ഹോംലാൻഡ് സുരക്ഷാ വിഭാഗമായ ICE (Immigration and Customs Enforcement) ആണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നടപടി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യൻ ദേശീയ പതാക, ദേശീയ ഗാനം, ദേശീയ പ്രതിജ്ഞ എന്നിവയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി പോസ്റ്റുകൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്.
മതിയായ രേഖകളില്ലാതെ യുഎസിൽ എത്തിയ വിദേശികളെ കണ്ടെത്തി അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്ന നടപടികൾ കൈകാര്യം ചെയ്യുന്ന വകുപ്പാണ് ICE. ഈ വർഷം ഫെബ്രുവരി 25നാണ് ആൽബിൻ കസ്റ്റഡിയിലെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.
2016-ൽ പൂഞ്ഞാറിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് ആൽബിൻ മാത്യു. ഫെബ്രുവരി മുതൽ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടും സജീവമല്ലെന്നാണ് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.
ഇയാൾ നിലവിൽ അമേരിക്കയിൽ കസ്റ്റഡിയിൽ തുടരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണവും കൂടുതൽ വിശദാംശങ്ങളും പുറത്തുവരാനുണ്ട്.



