ധവളപത്രത്തിന് പിന്നാലെ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ!

സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറങ്ങിയതിന് പിന്നാലെ, മുഖ്യമന്ത്രിയായ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിക്കുന്ന കന്നി ബജറ്റിനോടുള്ള പ്രതീക്ഷകൾ ഉയരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വരുമാന വർധനവിനും ധനകാര്യ അച്ചടക്കത്തിനും ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.

ഇടതുപക്ഷ സർക്കാരിന്റെ വികസന പദ്ധതികളുടെ പ്രധാന ഘടകമായിരുന്ന കിഫ്ബിയെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) പുനഃസംഘടിപ്പിക്കാനുള്ള നീക്കമാണ് പ്രധാനമായും ശ്രദ്ധ നേടുന്നത്. കിഫ്ബിയുടെ ധനസമാഹരണവും വിനിയോഗവും ഇനി മുതൽ ധനവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങൾ മുന്നോട്ടുപോകുന്നത്. നിലവിൽ കിഫ്ബിക്ക് ലഭിച്ചിരുന്ന സ്വയംഭരണ പദവി അവസാനിപ്പിച്ച് വരവുചെലവുകൾ സംസ്ഥാന ബജറ്റിന്റെ ഭാഗമാക്കുന്ന നിയമഭേദഗതിയും പരിഗണനയിലാണ്. 1 മുതൽ 1.5 ശതമാനം വരെ പലിശയ്ക്ക് കടമെടുപ്പ് ഉൾപ്പെടെ സാമ്പത്തിക അച്ചടക്കമില്ലായ്മയുണ്ടെന്ന വിമർശനവും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മോട്ടോർ വാഹന നികുതിയിനത്തിൽ നിന്ന് കിഫ്ബിക്ക് നേരിട്ട് ലഭിച്ചിരുന്ന ഏകദേശം 3300 കോടി രൂപ ഉൾപ്പെടെ വർഷംതോറും ലഭിക്കുന്ന 4000 കോടിയോളം രൂപ ഇനി സംസ്ഥാന ഖജനാവിലേക്ക് എത്തുന്ന രീതിയിലേക്കാണ് നീക്കം. ഇതിനൊപ്പം കരാറായതും നിയമപരമായ ബാധ്യതയുള്ളതുമായ പദ്ധതികൾ സർക്കാർ നേരിട്ട് ഏറ്റെടുത്ത് പൂർത്തിയാക്കാനാണ് സാധ്യത.

അതേസമയം, കിഫ്ബിയുടെ പ്രോജക്ട് മാനേജ്മെന്റ്, ക്വാളിറ്റി കൺട്രോൾ സംവിധാനങ്ങൾ ശക്തമാണെന്ന് വിദഗ്ദ്ധ സമിതി വിലയിരുത്തിയിട്ടുണ്ട്. ഈ മാതൃക മറ്റ് സർക്കാർ വകുപ്പുകളിലേക്കും വ്യാപിപ്പിക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.

ഡെപ്യൂട്ടേഷൻ, ദിവസവേതനം, ഇന്റേൺഷിപ്പ് ഉൾപ്പെടെ 512 ജീവനക്കാരാണ് നിലവിൽ കിഫ്ബിയിൽ പ്രവർത്തിക്കുന്നത്. ബജറ്റിന് മുന്നോടിയായി കിഫ്ബിയുടെ ഭാവി ഘടനയെക്കുറിച്ചുള്ള ചർച്ചകൾ സംസ്ഥാന രാഷ്ട്രീയത്തിലും ഭരണതലത്തിലും നിർണായകമായി മാറുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button