എസ്എംഎ മരുന്ന് വിവാദത്തിൽ നടപടി; എസ്‌എടി ആശുപത്രി സൂപ്രണ്ടിനെ മാറ്റി

തിരുവനന്തപുരം: എസ്‌എടി ആശുപത്രി സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഡോ. റിയാസിനെ മാറ്റി. സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) മരുന്ന് വിവാദത്തിന് പിന്നാലെയാണ് നടപടി. പീഡിയാട്രിക് നെഫ്രോളജി വിഭാഗം മേധാവി ഡോ സൂസൻ ഉതുപ്പ് പുതിയ സൂപ്രണ്ടാതും. ഭരണ സൗകര്യാർത്ഥമാണ് മാറ്റമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

എസ്എംഎ എന്ന അപൂർവ ജനിതകരോഗം ബാധിച്ച കുട്ടികൾക്കു നൽകുന്ന വിദേശ മരുന്നിന് പകരം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഇന്ത്യൻ നിർമ്മിത ജനറിക് മരുന്ന് നൽകിയതായിരുന്നു വിവാദം. ഡോക്ടേഴ്സ് സാമ്പിൾ എന്നും ക്ളിനിക്കൽ ട്രയൽസ് എന്നും രേഖപ്പെടുത്തിയ മരുന്ന് കുട്ടികൾക്ക് നൽകിയതാണ് അന്ന് പരാതിക്ക് ഇടയാക്കിയത്. കുട്ടികളിൽ സർക്കാർ മരുന്നുപരീക്ഷണം നടത്തുകയാണെന്ന് രാഷ്ട്രീയ ആരോപണമുയർന്നിരുന്നു.

എന്നാൽ, സുപ്രീംകോടതിയും കേന്ദ്രസർക്കാരും അംഗീകരിച്ച മരുന്നുതന്നെയാണ് ഹൈദരാബാദ് അസ്ഥാനമായ നാറ്റ്കോ ഫാർമയുടേത് എന്നും ​ രോഗികൾക്കുള്ള യഥാർത്ഥ മരുന്നു കുപ്പികളും ഡോക്ടർമാർക്ക് നൽകുന്ന സാമ്പിൾ ബോട്ടിലുകളും അബദ്ധത്തിൽ മാറിപ്പോയതാണെന്നും വ്യക്തമായതോടെ വിവാദം അടങ്ങി.

ഉപയോഗിച്ചുവന്നിരുന്ന വിദേശ കമ്പനിയുടെ ബ്രാൻഡഡ് മരുന്നിന്റെ വില കുപ്പിക്ക് അഞ്ചുലക്ഷം രൂപവരെ ആയിരിക്കുമ്പോൾ ഇന്ത്യൻ ജനറിക് മരുന്നിന് 15,​000 രൂപയേയുള്ളൂ. പ്രത്യേക പദ്ധതിയനുസരിച്ച് സർക്കാർ ആശുപത്രികളിൽ ഈ മരുന്ന് സൗജന്യമായും നൽകുന്നുണ്ട്. എന്തായാലും വിവാദമുയർന്നതോടെ സാമ്പിൾ മരുന്നുകുപ്പികൾ തിരിച്ചെടുക്കാൻ നടപടിയായി. മാത്രമല്ല,​ ഇനി എസ്എംഎ രോഗികളിൽ ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നു മാത്രമേ ഉപയോഗിക്കൂ എന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ വ്യക്തമാക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button