മമ്മൂട്ടി ഓടിച്ച കാർ സ്കൂൾ കുട്ടിയെ ഇടിച്ചുതെറിപ്പിച്ചു! ആളുകൾ ഓടിക്കൂടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടൻ

അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത് സജീവമായ മഹാനടനാണ് മമ്മൂട്ടി. സിനിമാരംഗത്തെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് എഴുത്തുകാരനും നടനുമായ വി കെ ശ്രീരാമൻ. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ശ്രീരാമൻ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുമൊത്ത് കാറിൽ സഞ്ചരിച്ചപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
മമ്മൂട്ടി ഓടിച്ച കോണ്ടസ കാർ ഒരു പത്ത് വയസുകാരനെ ഇടിച്ചതും അതിന് ശേഷമുണ്ടായ സംഭവവികാസങ്ങളുമാണ് ശ്രീരാമന്റെ കുറിപ്പിലുള്ളത്. വർഷങ്ങൾക്ക് മുമ്പ് ‘ഉത്തരം’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് സംഭവം. ഊട്ടിയിൽ നിന്ന് മലയിറങ്ങിയപ്പോൾ ഒരു കോൺവെന്റ് സ്കൂളിന് മുന്നിൽവച്ച് റോഡുമുറിച്ച് ബസിൽ കയറാനോടിയ പത്ത് വയസുകാരനെ മമ്മൂട്ടി ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചു. ബ്രേക്ക് ചെയ്തപ്പോൾ മുൻസീറ്റിലിരുന്ന ശ്രീരാമന്റെ തല ഗ്ലാസിലിടിച്ചു.
തമിഴ് സിങ്കങ്ങൾ അക്രമാസക്തരായി കാറ് തല്ലിപ്പൊളിക്കുമെന്ന് കരുതിയെങ്കിലും കണക്കൂകൂട്ടലുകളെല്ലാം തെറ്റിയെന്നാണ് ശ്രീരാമൻ പറയുന്നത്. കാറിടിച്ച കുട്ടി കാനയിലേക്കാണ് തെറിച്ചുവീണത്. ഇടികൊണ്ടത് കുട്ടിയുടെ വലതുകാലിന്റെ തുടയിലാണ്. കൃത്യം ആ ഭാഗത്തെ പോക്കറ്റിൽ ക്രിക്കറ്റ് ബോളുകൾ കുത്തി നിറച്ച് വച്ചിരുന്നതിനാൽ കുട്ടിക്ക് ഇടികിട്ടിയില്ല. കാനയ്ക്ക് മേലെയുള്ള വള്ളിപ്പടർപ്പിലേക്കാണ് കുട്ടി വീണത്. അതായത് സർക്കസ് കളിക്കാർ നെറ്റിലേക്ക് വീഴുംപോലെ. എന്നിരുന്നാലും തിരികെ കോയമ്പത്തൂർ എത്തുന്നതുവരെ ആരെങ്കിലും പുറകേ വരുന്നുണ്ടോ എന്ന് ഭയപ്പെട്ടിരുന്നതായും ശ്രീരാമൻ രസകരമായി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഏതാണ്ടൊരു നാല്പതുകൊല്ലം മുമ്പ് നടന്ന കഥ, അല്ല സംഭവമാണ്.
പവിത്രൻ്റെ ഉത്തരം സിനിമ ഊട്ടിയിൽ നടക്കുന്ന കാലത്ത് മമ്മൂട്ടി തൻ്റെ വിഖ്യാതമായ 369 ാം നമ്പർ കോണ്ടസ്സയോടിച്ചു മലയിറങ്ങുകയായിരുന്നു. ഒരു കോൺവെൻ്റ് സ്കൂളിൻ്റെ മുന്നിൽ വെച്ച് റോഡു മുറിച്ച് ബസ്സിൽ കയറാനോടിയ പത്തു വയസ്സുകാരനെ കോണ്ടസ ഇടിച്ചു തെറിപ്പിക്കുന്നു. പെട്ടന്നു ബ്രേക്ക് ചെയ്തപ്പോൾ മുൻ സീറ്റിലിരുന്ന എൻ്റെ തല ഗ്ലാസിൽ ചെന്നിടിക്കുന്നു. മമ്മൂട്ടി ചാടിയിറങ്ങുന്നു. പിന്നാലെ നെറ്റി തടവി ഞാനും. തമിഴ് ശിങ്കങ്ങൾ അക്രമാസക്തരായി കാറു തല്ലിപ്പൊളിക്കുമെന്നും ഞങ്ങളെ കൈകാര്യം ചെയ്യുമെന്നുമൊക്കെ ആണ് ഞാൻ കണക്കുകൂട്ടിയത്. പക്ഷെ, കണ്ടത് മറ്റൊന്നാണ്.
കാറിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ച കുട്ടിയെ പൊക്കിപ്പിടിച്ച് ഒരാൾ മുന്നിലും കൂട്ടം പിന്നിലുമായി വരുന്നു. ഇടികൊണ്ട് തെറിച്ച കുളന്തൈ ചിരിക്കുന്നു. കോട്ടും തലേക്കെട്ടും വീരപ്പൻ മീശയുമുള്ള തലൈവർ പറഞ്ഞതിൻ്റെ സാരം ഇതാണ്. മൂപ്പരാണ് സ്കൂളിൻ്റെ സെക്യുരിറ്റി ചീഫ് . ‘ കാറിൻ്റെ ഇടി കൊണ്ടത് പയ്യൻ്റെ വലതുകാലിൻ്റെ തുടയിലാണ്. കൃത്യം ട്രൗസ്സേഴ്സിൻ്റെ പോക്കറ്റിൽ പയ്യൻ രണ്ടു കൃക്കറ്റ് ബോളുകൾ കുത്തി നിറച്ചു വെച്ചിരുന്ന സ്ഥലത്താണ് ഇടി.
പയ്യൻ സ്മൂത്തായി കാനക്കു മേലെയുള്ള വള്ളിപ്പടർപ്പിലേക്കു വീഴുന്നു, സർക്കസ്സിലെ കളിക്കാർ നെറ്റിലേക്കു വീഴും പോലെ. ” പാർത്താൽ എന്നമോ പെരിയ ആക്സിഡൻ്റ് ആനാ , യാർക്കും ഒണ്ണും ആഹലെ. പടത്തിലെ സ്റ്റണ്ട് സീൻ മാതിരി. പെരിയവരേ നീങ്ക താൻ ഹീറോ കൊട് കൈ” മീശക്കാരൻ കൈ നീട്ടി. ഹീറോ ഹസ്തം ദാനം ചെയ്തു. “നീ പേടിച്ചു പോയോ?” തിരിച്ചു വണ്ടിയിൽ കയറിയ ശേഷം മമ്മൂട്ടി എന്നോടു ചോദിച്ചു . ” നിങ്ങളെ അവര് ഒഴിവാക്കിയിട്ട് എൻ്റെ നേരെ വന്ന് ഡായ് ഡ്രൈവർ സോമ്പേരി, നീ എത്ക്ക് പക്കത്തില് ഉക്കാരന്ത്ട്ട് ഇറ്ക്ക്.
റോഡില് കുളന്തെകൾ ഇര്ക്ക് മെതുവാ വണ്ടി ഓട്ടണം എൻ്റ് സൊല്ലിക്കൊടുക്ക വേണ്ടിയതു താനേ എന്നും പറഞ്ഞ് എന്നെ കൈകാര്യം ചെയ്തേക്കുമോ എന്ന ഒരു പേടി ഉണ്ടാവാതിരുന്നില്ല” ” ശരിയാ ഈ കോസ്റ്റ്യു മിൽ നിനക്കൊരു ഡ്രൈവർ ലുക്ക് ഉണ്ട്.” കോയമ്പത്തൂരെത്തും വരെ ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അണ്ണാച്ചിമാർ ഇടി കൊണ്ട പയ്യനേയും കൂട്ടി ജാഥയായി വരുന്നുണ്ടോ എന്ന്.



