ഇൻസ്റ്റഗ്രാമിലൂടെ പരിചയം, പിന്നീട് പ്രണയക്കെണി; സുഹൃത്തുക്കളായ പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശിയായ കെ വി അനുരാജാണ് (23) അറസ്റ്റിലായത്. 14 വയസുള്ള രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് പോത്തൻകോട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് ഇരുവരുടെയും നഗ്ന ചിത്രങ്ങളും യുവാവ് കൈക്കലാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി വിദ്യാർത്ഥിനികളിലൊരാളാണ് ആദ്യം പ്രണയത്തിലായത്. പിന്നാലെ ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായും ഇയാൾ പ്രണയത്തിലായി.കണ്ണൂരിൽനിന്ന് പോത്തൻകോടെത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് പീഡനം നടത്തിയത്.
പിന്നാലെ ഈ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു. പിന്നീട് വീട്ടുകാർ ഉറങ്ങിയശേഷം രാത്രി 12 മണിയോടെയാണ് ഇയാൾ സ്ഥലം വിട്ടത്.തിരികെ നാട്ടിലെത്തിയ പ്രതി രണ്ട് പെൺകുട്ടികളുടെയും ഇൻസ്റ്റഗ്രാം ഐഡി ബ്ലോക്ക് ചെയ്‌തു. ഇയാൾ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെ ഇതേപ്പറ്റി പെൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു.
ആദ്യത്തെ പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ പെൺകുട്ടിയുടെ വിവരവും പുറത്തറിഞ്ഞത്.പിന്നാലെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തശേഷം കണ്ണൂരിലെത്തിയാണ് യുവാവിനെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ നിലവിൽ രണ്ട് പോക്‌സോ കേസുകൾ തളിപ്പറമ്പ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.



