മുതലപ്പൊഴി വള്ളംമറിഞ്ഞ് അപകടം; കാണാതായ ഫ്രീമോന്റെ മൃതദേഹം കണ്ടെത്തി, ഷിജിനായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് അപകടസ്ഥലത്തുനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള കണ്ണാന്തറയിൽ നിന്ന് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അഴിമുഖം ഭാഗത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായത്. അപകടവിവരം ഉടൻ അധികൃതരെ അറിയിച്ചെങ്കിലും രാത്രിയിൽ വെളിച്ചക്കുറവും ശക്തമായ മഴയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. തുടർന്ന് പകൽ സമയത്തും രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ നേവിയുടെ ഹെലികോപ്റ്റർ പ്രദേശത്തെത്തി തെരച്ചിൽ ശക്തമാക്കി. കോസ്റ്റ് ഗാർഡ്, തീരദേശ പൊലീസ് എന്നിവരുടെ ബോട്ടുകളും രക്ഷാദൗത്യത്തിൽ പങ്കെടുത്തു.

ഇന്നലെ രാത്രി അവസാനിപ്പിച്ച തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് ഫ്രീമോന്റെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ കാണാതായ മറ്റൊരു മത്സ്യത്തൊഴിലാളിയായ ഷിജിനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button