പ്രണയവും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ കഥയോ? ‘ആകാശംലോ ഒക താര’ പ്രീമിയർ ഷോ റിപ്പോർട്ടുകൾ പുറത്ത്; ബോക്സ് ഓഫീസിൽ തരംഗമാകുമോ?

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക താര’ (ആകാശത്തിൽ ഒരു താരകം) ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നു. റിലീസിന് മുന്നോടിയായി കേരളത്തിൽ സംഘടിപ്പിച്ച മലയാളം പ്രീമിയർ ഷോകൾക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. നായികയായി എത്തിയ പുതുമുഖ താരം സാത്വിക വീരവല്ലിയുടെ അഭിനയത്തിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. വൈകാരികതയും പ്രചോദനവും മനോഹരമായ പ്രണയവും ഇഴചേർത്ത മികച്ചൊരു സിനിമാനുഭവമാണ് ചിത്രമെന്ന് പ്രീമിയർ ഷോ കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നു.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ പ്രമുഖ ബാനറുകൾ സംയുക്തമായാണ് അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ചിത്രത്തിൽ ‘കൃഷ്ണ’ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ‘കല്പന’ എന്ന കഥാപാത്രമായി സാത്വിക വീരവല്ലി എത്തുന്നു. സമൂഹം തീർക്കുന്ന അതിർവരമ്പുകൾ ഭേദിച്ച് സ്വന്തം സ്വപ്നങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന കല്പനയ്ക്ക് താങ്ങായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് സിനിമ പറയുന്നത്. ഇരുവരുടെയും മികച്ച പ്രകടനങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നും, കല്പനയായി സാത്വിക കാഴ്ചവെച്ച പ്രകടനം ഏറെ ശ്രദ്ധേയമാണെന്നും പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.



