‘ഓന്തിനെപ്പോലെ നിറം മാറുന്നയാൾ’; വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എം.ബി. രാജേഷ്, അവസരവാദിയെന്ന് ആക്ഷേപം!

പാലക്കാട്: സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തെയും ഭരണനടപടികളെയും രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എക്സൈസ് മന്ത്രിയുമായ എം.ബി. രാജേഷ്. സർക്കാർ അധികാരത്തിൽ വന്ന് ആറു മാസമായിട്ടും മദ്യനയം ആവിഷ്കരിക്കാൻ സാധിച്ചിട്ടില്ലെന്നും, ഡ്രൈ ഡേ എടുത്തുകളയണമെന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും പ്രതികരണങ്ങൾ വരുന്നതെന്നും എം.ബി. രാജേഷ് ആരോപിച്ചു.

മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഓന്ത് നിറം മാറുന്നത് പോലെയാണ് നിലപാട് മാറ്റുന്നതെന്ന് എം.ബി. രാജേഷ് വിമർശിച്ചു.നിലപാടുകളുടെ രാജകുമാരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. ഇപ്പോൾ അവസരവാദത്തിന്റെ ചക്രവർത്തിയായി മാറിയിരിക്കുന്നു. ഡ്രൈ ഡേ ഒഴിവാക്കി പ്രത്യേക അനുമതി വാങ്ങാതെ ഇവന്റുകൾക്കും മറ്റുമായി സർവസ്വാതന്ത്ര്യം നൽകുകയാണ്. എൽഡിഎഫ് സർക്കാർ മദ്യമൊഴുക്കുന്നു എന്ന് ആരോപിച്ചവരാണ് ഇപ്പോൾ ഇത് ചെയ്യുന്നത്. ഇക്കാര്യത്തിൽ കെസിബിസിക്ക് എന്താണ് പറയാനുള്ളത് എന്ന് രാജേഷ് ചോദിച്ചു.

വേണ്ടപ്പെട്ടവർക്ക് ബാർ ലൈസൻസ് ലഭിക്കുന്നതിനായി സർക്കാർ ഉത്തരവുകൾ വൈകിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതിക്ക് മദ്യം നൽകിയ ബാറിന്റെ ലൈസൻസ് ഇതുവരെ റദ്ദാക്കിയിട്ടില്ല. നിയമവിരുദ്ധമായി നൽകിയ അഞ്ച് ബാർ ലൈസൻസുകൾ ആരെ ഭയന്നാണ് എക്സൈസ് മന്ത്രി എം. ലിജു റദ്ദാക്കാത്തതെന്നും, എക്സൈസ് മന്ത്രിക്ക് മുകളിൽ ഏതെങ്കിലും ‘പവർ ഗ്രൂപ്പ്’ പ്രവർത്തിക്കുന്നുണ്ടോ എന്നത് ദുരൂഹമാണെന്നും എം.ബി. രാജേഷ് പറഞ്ഞു. എക്സൈസിനെ നോക്കുകുത്തിയാക്കിയാണ് ‘തൂഫാൻ’ നടക്കുന്നതെന്നും അതൊരു പിആർ എക്സൈസ് മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രിസഭയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇടയിൽ പരസ്പര വിശ്വാസമില്ലെന്നും കേരളത്തിലെ ഭരണം സ്തംഭനാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് തിരിച്ചുവരവിനെയും ബിജെപി-യുഡിഎഫ് ബന്ധത്തെയും എം.ബി. രാജേഷ് പരിഹസിച്ചു. പത്മജ തിരിച്ചുവരട്ടെ, അതിനുള്ള ബന്ധുത്വം അവർക്കുണ്ട്. ആന്റണിയുടെ മകൻ കൂടി അവിടെയുണ്ടല്ലോ. കേരളത്തിൽ ബിജെപി-യുഡിഎഫ് ഡീലാണ് നടക്കുന്നത്. സർക്കാരിനെതിരെ ബിജെപി ഒരക്ഷരം മിണ്ടാറില്ല. ഭരണം ബിജെപിക്കാർ അവരുടേതെന്നും കോൺഗ്രസുകാർ അവരുടേതെന്നുമാണ് പറയുന്നത്. ‘ഞാനൊന്നും പറഞ്ഞില്ല, എന്നോടൊന്നും പറഞ്ഞില്ല’ എന്നതാണ് ഈ സർക്കാരിന്റെ ടാഗ്‌ലൈൻ എന്നും എം.ബി. രാജേഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button