തമിഴ്നാട്ടിലെ സ്വകാര്യ നഴ്സിംഗ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ മലയാളി വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ മലയാളി വിദ്യാർത്ഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജിയാണ് (21) മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. കോളേജിലെ അദ്ധ്യാപകരുടെയും അധികൃതരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് അൻസിജിയുടെ കുടുംബം ആരോപിക്കുന്നത്.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ നഴ്സിംഗ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് കഴിഞ്ഞദിവസം അൻസിജി എടുത്തുചാടിയത്. കൈകാലുകളും ശരീരഭാഗങ്ങളും ഒടിഞ്ഞ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന അൻസിജി ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ മോശം ഭക്ഷണം ചൂണ്ടിക്കാട്ടി ഏതാനും മാസങ്ങൾക്ക് മുൻപ് സമരം നടത്തിയിരുന്നു. തുടർന്ന് സമരം ചെയ്ത വിദ്യാർത്ഥികളെ അന്ന് കോളേജ് ഹോസ്റ്റിലിൽ നിന്ന് പുറത്താക്കി. ഇതിനുശേഷം സ്വകാര്യ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ഈ വിദ്യാർത്ഥികളെ അദ്ധ്യാപകരും മാനേജ്മെന്റ് അധികൃതരും മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു.
സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥിനി കോളേജിൽ മൊബൈൽ ഫോണുമായി എത്തിയത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഉയർന്ന ആരോപണങ്ങളും പരാതികളും അടിസ്ഥാനരഹിതമാണെന്നും കോളേജ് അധികൃതർ പറഞ്ഞു.



