‘സൈബർ ആക്രമണത്തിന് പിന്നിൽ വൻ ഗൂഢാലോചന!’ എരിതീയിൽ എണ്ണയൊഴിക്കാൻ കഴുകന്മാർ; തുറന്നടിച്ച് റഫീഖ്

മമ്മൂട്ടിയെ സന്ദർശിച്ചതിനു പിന്നാലെ നടനും ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. നേതാക്കൾക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന സൈബർ ആക്രമണത്തെ അപലപിച്ച് സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം നേരത്തേ തന്നെ വ്യക്തത വരുത്തി അവസാനിപ്പിച്ചതാണെന്നും വിഷയം വീണ്ടും ചർച്ചയാക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനേ സഹായിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വിവാദം മുതലെടുക്കാൻ കാത്തിരിക്കുന്നവർ അനുകൂലമായ വ്യാഖ്യാനങ്ങൾ നൽകി എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നും റഫീഖ് കുറിച്ചു.

മമ്മൂട്ടിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നടൻ നേരിട്ട് വീഡിയോ കോളിലൂടെ സംസാരിച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി അന്നുതന്നെ വിശദീകരണം നൽകിയിരുന്നുവെന്നും വിഷയം അവിടെ അവസാനിപ്പിച്ചതാണെന്നും റഫീഖ് വ്യക്തമാക്കി. രാജ്യത്തെ വിവിധ ബഹുജന കൂട്ടായ്മകളുമായി ഇടതുപക്ഷം ഐക്യദാർഢ്യപ്പെടുന്ന ഘട്ടത്തിൽ ഇത്തരം തർക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങളെയും അതിന്റെ സ്വീകാര്യതയെയും ബാധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളത്തിലെ കലാകാരന്മാരെയും രാഷ്ട്രീയത്തിന് അതീതമായ അവരുടെ ഇടങ്ങളെയും ഇടതുപക്ഷം എന്നും അംഗീകരിച്ചിട്ടുണ്ടെന്ന് റഫീഖ് പറഞ്ഞു. വിമർശനവും സ്വയംവിമർശനവും തിരുത്തലും നടന്നുകഴിഞ്ഞ ഒരു വിഷയം വീണ്ടും വീണ്ടും ഉയർത്തുന്നത് പുരോഗമന ജനാധിപത്യ കൂട്ടായ്മകൾക്ക് എത്രത്തോളം ഗുണകരമാണെന്ന് എല്ലാവരും ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തെ മുതലെടുക്കാൻ കാത്തിരിക്കുന്നവർ തങ്ങൾക്ക് അനുകൂലമായ വിവരണം സൃഷ്ടിക്കുന്നുണ്ടെന്ന കാര്യവും കാണാതിരിക്കരുതെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചതിനു പിന്നാലെയാണ് നടനും നേതാക്കൾക്കുമെതിരെ സി.പി.എം. അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നത്. ഇതിനെ അപലപിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും രംഗത്തെത്തിയിരുന്നു. ചർച്ചകളും വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്ന തന്റെ മുൻ അഭ്യർഥന ആവർത്തിച്ച റഫീഖ്, വയനാട് ദുരന്തത്തിൽ ജീവിതം താറുമാറായവരുടെ പുഞ്ചിരിയാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ് പരിഭവങ്ങളും തർക്കങ്ങളും മാറ്റിവെച്ച് ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button