കോൺഗ്രസിനും യുഡിഎഫിനും ജീവന്മരണ പോരാട്ടം; ഒരുക്കത്തിൽ പ്രതീക്ഷ

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തദ്ദേശ തിരഞ്ഞെടുപ്പ് കോൺഗ്രസിനും യുഡിഎഫിനും ജീവന്മരണ പോരാട്ടം. തുടർച്ചയായി 2 തവണ പ്രതിപക്ഷത്തായ മുന്നണിക്ക് സംസ്ഥാനഭരണം തിരിച്ചുപിടിക്കാൻ തദ്ദേശതിരഞ്ഞെടുപ്പിൽ മുന്നേറ്റം അനിവാര്യം. ഒരുകാലത്തുമില്ലാത്തവിധം വോട്ടർപട്ടികയിൽ ഇക്കുറി പരമാവധി ആളുകളെ മുന്നണി ഇടപെട്ട് ചേർത്തതായി നേതൃത്വം അവകാശപ്പെടുന്നു.
കൂടുതൽ സീറ്റുകൾ നേടാൻ ഇതു വഴിയൊരുക്കുമെന്നാണു കണക്കുകൂട്ടൽ. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ 90% പൂർത്തിയായെന്നും നേതാക്കൾ പറയുന്നു. ഘടകകക്ഷികൾ തമ്മിൽ കാര്യമായ തർക്കങ്ങളില്ലാത്തത് ശുഭസൂചനയായി മുന്നണി കാണുന്നു. ‘മിഷൻ 25’ യജ്ഞവുമായി ഒരു വർഷം മുൻപാരംഭിച്ച കോൺഗ്രസിന്റെ സ്ഥാനാർഥിനിർണയത്തിൽ ദേശീയ നേതൃത്വത്തിന്റെ മേൽനോട്ടവുമുണ്ട്.
കോർപറേഷനുകളിലും നഗരസഭകളിലും ത്രിതല പഞ്ചായത്തുകളിലും കഴിഞ്ഞതവണ പിന്നിലായ യുഡിഎഫ് ഇക്കുറി തിരഞ്ഞെടുപ്പ് ഒരുക്കത്തിൽ ഒരുപടി മുന്നിലാണ്. പലയിടത്തും സ്ഥാനാർഥികളെ ആദ്യം പ്രഖ്യാപിച്ചു. എൽഡിഎഫും ബിജെപിയും സീറ്റ് വിഭജനത്തിലും സ്ഥാനാർഥി ചർച്ചകളിലും തലപുകച്ചപ്പോൾ യുഡിഎഫിന്റെ സ്ഥാനാർഥികൾ തിരുവനന്തപുരം കോർപറേഷനിലടക്കം പ്രചാരണത്തിനിറങ്ങി.
കോർപറേഷനുകളിൽ കൈവശമുള്ള കണ്ണൂർ നിലനിർത്തുന്നതിനൊപ്പം കൊച്ചി തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയുമുണ്ട്. ആഞ്ഞുപിടിച്ചാൽ തൃശൂരിലും കൊല്ലത്തും ഭരണത്തിലേറാമെന്നാണു വിലയിരുത്തൽ. കോഴിക്കോട്ടും കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായ തിരുവനന്തപുരത്തും നില മെച്ചപ്പെടുത്തി മുന്നേറാമെന്നും കണക്കുകൂട്ടുന്നു. തിരുവനന്തപുരത്ത് മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായി കെ.എസ്.ശബരീനാഥനെ രംഗത്തിറക്കിയതും തിരഞ്ഞെടുപ്പു ചുമതലയേൽപിച്ച് കെ.മുരളീധരനെ പ്രചാരണത്തിന്റെ മുന്നിൽനിർത്തിയതും ഗുണംചെയ്യുമെന്നാണു വിലയിരുത്തൽ.
ജില്ലാ പഞ്ചായത്തുകളിൽ 8– 9 ആണ് യുഡിഎഫിന്റെ പ്രതീക്ഷ. നിലവിൽ ഭരണത്തിലുള്ള എറണാകുളം, മലപ്പുറം, വയനാട് എന്നിവയ്ക്കു പുറമേ കാസർകോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉറച്ച വിജയപ്രതീക്ഷയുണ്ട്. കോട്ടയത്തും തൃശൂരിലുമുൾപ്പെടെ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ആർഎംപിയുടെ സജീവസാന്നിധ്യമടക്കം കോഴിക്കോട്ട് മുന്നണി സംവിധാനം ശക്തമായതിന്റെ ആത്മവിശ്വാസമുണ്ട്. പഞ്ചായത്തുകൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചത്, ഗ്രാമീണ റോഡുകളുടെ തകർച്ച, ആശാസമരം, വിലക്കയറ്റം എന്നിവ ഉയർത്തിക്കാട്ടി ഭരണവിരുദ്ധ വികാരത്തിലൂന്നിയുള്ള പ്രചാരണത്തിനാണ് യുഡിഎഫ് കച്ചമുറുക്കുന്നത്.



