ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീ‌ഡിപ്പിച്ചു; യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ 25കാരിക്കെതിരെ കേസെടുത്ത് പൊലീസ്. തളിപ്പറമ്പ് സ്വദേശിനി സ്‌‌നേഹ മെർലിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് പോക്‌സോ കേസെടുത്തത്.

മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് പ്രതി. സംഭവദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെൺകുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കൗൺസിലിംഗിനിടെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. തുടർന്ന് പൊലീസ് പോക്‌സോ പ്രകാരം കേസെടുക്കുകയായിരുന്നു.

പ്രതിക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പെടെ നാല് കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്.പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌നേഹ കഴിഞ്ഞവർഷം അറസ്റ്റിലായിരുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറയുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button