പിഎം ശ്രീ ഫണ്ട് വിവാദം; യുഡിഎഫ് വാദം തള്ളി കേന്ദ്ര രേഖകൾ, തീരുമാനം സർക്കാരിന് മുന്നിൽ

തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം കേന്ദ്ര ഫണ്ട് സ്വീകരിച്ചുവെന്ന വിഷയത്തിൽ പുതിയ വിവാദം. പദ്ധതിക്ക് ലഭിച്ച 99.27 കോടി രൂപ പിഎം ശ്രീ പദ്ധതിക്കുള്ള പ്രത്യേക ഫണ്ടല്ലെന്നും, സമഗ്ര ശിക്ഷ കേരള (Samagra Shiksha) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച വിഹിതമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നതായി റിപ്പോർട്ട്.
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിന് പിന്നാലെയാണ് ഈ തുക അനുവദിച്ചതെങ്കിലും, സംസ്ഥാന സർക്കാർ സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടില്ലാത്തതിനാൽ പദ്ധതിക്ക് കീഴിലുള്ള ഫണ്ട് ഇതുവരെ അനുവദിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്കൂളുകൾ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കാതെ പിഎം ശ്രീ പദ്ധതിക്ക് പ്രത്യേക ധനസഹായം നൽകാനാകില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഇടത് സർക്കാർ പിഎം ശ്രീ പദ്ധതിക്ക് ഫണ്ട് വാങ്ങിയെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വാദം മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര രേഖകൾ വിഷയത്തിൽ കൂടുതൽ വ്യക്തത നൽകുന്നത്. 2025 ഒക്ടോബറിൽ കേരളം പിഎം ശ്രീ കരാറിൽ ഒപ്പുവെച്ചതിന് ശേഷം, നവംബറിലാണ് സമഗ്ര ശിക്ഷ പദ്ധതിയുടെ ആദ്യ ഗഡുവായി 99.27 കോടി രൂപ അനുവദിച്ചതെന്നും രേഖകളിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് ആകെ 14,500 പിഎം ശ്രീ സ്കൂളുകളാണ് ലക്ഷ്യമിടുന്നത്. നിലവിൽ 13,091 സ്കൂളുകളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. കേരളത്തിൽ നിലവിൽ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള 47 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് പിഎം ശ്രീ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതിൽ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയ വിദ്യാലയങ്ങളും ഉൾപ്പെടുന്നു. സംസ്ഥാന സർക്കാർ സ്കൂളുകളുടെ പട്ടിക സമർപ്പിക്കുന്നതിന് മുൻപാണ് പദ്ധതി മരവിപ്പിക്കാൻ കേരളം കേന്ദ്രത്തെ അറിയിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പിഎം ശ്രീ പദ്ധതിയിൽ തുടർനടപടി സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത തേടി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്. കേരളം ഒപ്പുവെച്ച കരാർ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, പദ്ധതിയുമായി മുന്നോട്ടുപോകണോ, അതോ സമഗ്ര ശിക്ഷ പദ്ധതിയിലെ കുടിശ്ശിക തുക നിയമപരമായി നേടിയെടുക്കാൻ ശ്രമിക്കണോ എന്നത് പുതിയ സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമായിരിക്കും.
പിഎം ശ്രീ പദ്ധതി പൂർണമായും ഉപേക്ഷിക്കാൻ പുതിയ സർക്കാരിന് കഴിയില്ലെന്ന വാദങ്ങൾക്കിടയിലും, നിലവിലെ കണക്കുകളും രേഖകളും അത്തരമൊരു നിർബന്ധിത സാഹചര്യം ഇല്ലെന്ന സൂചനയാണ് നൽകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.



